Timely news thodupuzha

logo

തിരുവനന്തപുരം മെഡിക്കൽ കോളേജ് സി.ഡി.സി ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ(സി.ഡി.സി) ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു.

സി.ഡി.സിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. ജനിതക പരിശോധനകളായ കാര്യോടൈപ്പിംഗ്, ഫിഷ് (Fluorescence in situ hybridization) മുതലായ പരിശോധനകളും, ബയോകെമിക്കൽ പരിശോധനയും ലാബോറട്ടറിയിൽ നടത്തുന്നു.

സംസ്ഥാനത്തെ പ്രധാന ലാബുകൾക്ക് എൻ.എ.ബിഎൽ അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

അതിന്റെ ഭാഗമായാണ് എം.സി.സിയിലും സി.ഡി.സിയിലും എൻ.എ.ബി.എൽ അക്രഡിറ്റേഷൻ മാനദണ്ഡ പ്രകാരമുള്ള സംവിധാനങ്ങളൊരുക്കിയത്. മലബാർ കാൻസർ സെന്ററിലെ എല്ലാ ലാബുകൾക്കും അടുത്തിടെ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.

അപൂർവ രോഗങ്ങളുടെ മികവിന്റെ കേന്ദ്രമായി മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയെ തെരഞ്ഞെടുത്തപ്പോൾ അപൂർവ രോഗങ്ങളുടെ നിർണയത്തിനായി സി.ഡി.സി ലാബിനെയാണ് തിരഞ്ഞെടുത്തത്.

സി.ഡി.സിയുടെ വികസന പ്രവർത്തനങ്ങൾക്കായി 2.73 കോടി രൂപയുടെ ഭരണാനുമതി നൽകി. വിവിധ ഉപകരണങ്ങൾ, റിസർച്ച്, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ‘കുട്ടിക്കാലത്തെ വെല്ലുവിളികൾ കുറയ്ക്കുകയെന്ന’ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് സി.ഡി.സി പ്രവർത്തിച്ചു വരുന്നത്.

ശിശു, കൗമാര പരിചരണം, വികസനം എന്നീ മേഖലകളിൽ അത്യാധുനിക ക്ലിനിക്കൽ, ഗവേഷണം, അധ്യാപന, പരിശീലന സേവനങ്ങൾ നൽകുന്നു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിൽ ഒന്നാണ് ജനറ്റിക് ആന്റ് മെറ്റബോളിക് യൂണിറ്റ്. സ്റ്റേറ്റ് ഓഫ് ആർട്ട് മോളിക്യുലർ ലാബും ഇവിടെ പ്രവർത്തിക്കുന്നു.

മോളിക്യൂലർ ജനറ്റിക് ടെസ്റ്റുകളും കൗൺസിലിംഗും ഇവിടെ നടത്തുന്നുണ്ട്. എസ്.എം.എ, ഹീമോഫിലിയ തുടങ്ങിയുള്ള രോഗങ്ങൾക്കുള്ള പരിശോധനകളും സജ്ജമാക്കുന്നു.

നാളിതുവരെ 3500 കാര്യോടൈപ്പ് ടെസ്റ്റുകളും ആയിരത്തോളം മോളിക്യൂലർ പരിശോധനകളും ചെയ്തിട്ടുണ്ട്. പ്രതിമാസം 50 വരെ രോഗികൾക്ക് ജനറ്റിക് കൗൺസിലിങ്ങ് നൽകി വരുന്നുണ്ട്.

നിരവധി കുടുംബങ്ങളിൽ ജനിതക കൗൺസിലിംഗും ഗർഭാവസ്ഥയിലുള്ള ജനിതക ടെസ്റ്റിംഗും വഴി ജനിതക രോഗങ്ങളെ തടയാൻ സാധിച്ചിട്ടുണ്ട്. 18 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കീം മുഖാന്തരം സൗജന്യമായാണ് പരിശോധനകൾ നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *