Timely news thodupuzha

logo

ആഗോള പട്ടിണി സൂചിക, ഇന്ത്യ 111ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ്  ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു.

2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാക്കിസ്ഥാന്‍ (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.

2014ല്‍ 55ആം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദിയുടെ ഒമ്പത് വര്‍ഷത്തെ ഭരണം കൊണ്ട് 111ആം സ്ഥാനത്തായത്. ശിശുക്കളുടെ പോഷകാഹാരക്കുറവും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 18.7 ശതമാനം. ശിശു മരണനിരക്ക് 3.1 ശതമാനമാണ്.

15നും 24നും ഇടയിലുള്ള 58.1 ശതമാനം പെണ്‍കുട്ടികള്‍ക്ക് ശരിയായ പോഷണം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണത്തിന്റെ അപര്യാപ്തത, കുട്ടികളുടെ പോഷകാഹാര നിലവാരത്തിലെ കുറവുകള്‍, ശിശുമരണ നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് ഏഴ് യൂറോപ്യന്‍ സര്‍ക്കാരിതര സംഘടനകളുടെ ശൃംഖലയായ ‘അലയന്‍സ് 2015’ പട്ടിക പുറത്തിറക്കിയത്.

സെപ്റ്റംബറില്‍ പുറത്തുവന്ന മനുഷ്യവികസന സൂചികയിലും ഇന്ത്യ അയല്‍രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലായിരുന്നു.

2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് മോദി അവകാശപ്പെടുമ്പോഴാണ് ആഗോള സൂചികകളിലെല്ലാം പിന്നോട്ട് പോകുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുറത്തുവന്ന പട്ടികയെ തളളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ദുഷ്ടലാക്കോടെ തയാറാക്കിയ പട്ടികയാണിതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *