പൊന്നാനി: തീരത്ത് സർക്കാരിന്റെ കാവൽ. പൊന്നാനി താലൂക്കിലെ പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമിക്കാൻ 10.46 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. എസ്റ്റിമേറ്റ് തുകയേക്കാൾ 25 ശതമാനം ടെൻഡറിൽ കരാറുകാരൻ ക്വാട്ട് ചെയ്‌തതോടെയാണ് സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചത്.
തീരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സർക്കാർ അനുമതി. 8.35 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ഈ മാസം അവസാനത്തോടെ നിർമാണം ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പുനൽകിയതായി പി നന്ദകുമാർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർകോട് ഇസ്മായിൽ ഷഹിലുദ്ദീന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്സ് ഇൻഫ്രാസ്ട്രക്ച്ചറിനാണ് നിർമാണ ചുമതല.
പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി കടപ്പുറം ജുമാ മസ്‌ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്ററുമാണ് കടൽഭിത്തി നിർമിക്കുന്നത്.
ശക്തമായ കടലാക്രമണ ഭീഷണിയുള്ള സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായ പൊന്നാനിയുടെ തീരസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകി ഫണ്ടനുവദിക്കണമെന്ന് പി നന്ദകുമാർ എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.
കടൽക്ഷോഭത്തിൽ നാശംവിതച്ച പൊന്നാനി ഹിളർപള്ളി ഭാഗത്ത് 218 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ പ്രവൃത്തി അവസാനഘട്ടത്തിൽ. 118 മീറ്റർ കടൽഭിത്തി നിർമിക്കാൻ സർക്കാർ അനുവദിച്ച 35 ലക്ഷവും 100 മീറ്റർകൂടി വ്യാപിപ്പിക്കാൻ ഇറിഗേഷൻ വകുപ്പ് അനുവദിച്ച 30 ലക്ഷം ലക്ഷവും ഉപയോഗിച്ചാണ് നിർമാണം.