Timely news thodupuzha

logo

പെരിന്തൽമണ്ണയിൽ കോൺഗ്രസ്‌ പ്രവർത്തകർ മണ്ഡലം കമ്മിറ്റി ഓഫീസ്‌ അടിച്ചു തകർത്തു

പെരിന്തൽമണ്ണ: മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക വന്നതിനുപിന്നാലെ ഉടലെടുത്ത തർക്കം തുടരുന്നതിനിടെ ആലിപ്പറമ്പിൽ ഒരുവിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ മണ്ഡലം കമ്മിറ്റി ഓഫീസ്‌ അടിച്ചു തകർത്തു. ഓഫീസ്‌ ചുമരിലുണ്ടായിരുന്ന ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്‌ ഗാന്ധി നേതാക്കളുടെ ഛായാചിത്രവും നശിപ്പിച്ചു.

വ്യാഴാഴ്‌ച വൈകിട്ട്‌ പുതിയ പ്രസിഡന്റ്‌ ചുമതലയേൽക്കാൻ എത്തിയപ്പോഴാണ്‌ ഓഫീസ്‌ അടിച്ചുതകർത്ത നിലയിൽ കണ്ടത്‌.കസേരകളും മറ്റും അടിച്ചുപൊട്ടിച്ച്‌ ഓഫീസ്‌ അലങ്കോലമാക്കിയിരിക്കുകയായിരുന്നു. ഛായാചിത്രങ്ങളും നശിപ്പിച്ചു.

വൈദ്യുതി കണക്‌ഷനും ബൾബുകളും തകർത്തു. ഉദ്ഘാടന ശിലാഫലകം, മുൻ പ്രസിഡന്റുമാരുടെ പേരടങ്ങിയ ഫലകം, മൺമറഞ്ഞ മണ്ഡലം പ്രസിഡന്റുമാരുടെ പേരുകൾ എന്നിവയും നശിപ്പിച്ചവയിൽപ്പെടുന്നു. പുതിയ മണ്ഡലം പ്രസിഡന്റ് സി കെ അൻവറിന്റെ സ്ഥാനാരോഹണത്തിന്‌ ഓഫീസ്‌ തുറന്നതായിരുന്നു.

നേരത്തെ ആര്യാടൻ വിഭാഗത്തിലെ പി.റ്റി.ബഷീർ ആയിരുന്നു പ്രസിഡന്റ്‌. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ തർക്കമുണ്ടായതിനാൽ മാറ്റിവച്ച മണ്ഡലമായിരുന്നു ഇത്‌.

എന്നാൽ ഇത്‌ അവഗണിച്ച്‌ ഏകപക്ഷീയമായി എ.പി.അനിൽകുമാർ – വി.എസ്‌.ജോയ് പക്ഷത്തെ സി.കെ.അൻവറിനെ പ്രഖ്യാപിച്ചതിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ടായിരുന്നു. പുതിയ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു എ ഗ്രൂപ്പ്‌.

കെ.പി.സി.സിക്കും ഡി.സി.സിക്കും പൊലീസിലും പരാതി നൽകുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി.കെ.അൻവർ അധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *