ടെൽ അവീവ്: ഇസ്രയേലിന് സൈനിക സഹായവുമായി രണ്ടാമത്തെ അമേരിക്കൻ പടക്കപ്പൽ വെർജീനിയയിൽ നിന്ന് പുറപ്പെട്ടു. യുഎസ്എസ് ഡ്വൈറ്റ് ഡി ഐസൻഹോവർ കാരിയർ വിമാന വാഹിനിയാണ് പുറപ്പെട്ടത്. മധ്യപൗരസ്‌ത്യദേശത്തെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് വിമാനം എത്തിക്കുന്നത്.
അവിടേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കും. എന്നാൽ ഇസ്രയേലിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
അതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ടെൽ അവീവിലെത്തി. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്‌ച ഇസ്രയേലിൽ എത്തിയിരുന്നു.
പലസ്തീൻ ജനതയ്ക്കുമേൽ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേലിന് യുദ്ധപിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൺ. ഇസ്രയേൽ അതിർത്തിയിലെ കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പൽ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിർദേശം നൽകി.
ഇവിടേക്ക് കൂടുതൽ നാവിക സേനാംഗങ്ങളെയും വിന്യസിക്കും. ഹമാസിന് ആയുധം ലഭിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. സമുദ്രാതിർത്തികളിൽ പട്രോളിങ് ശക്തമാക്കും. നിരീക്ഷണ വിമാനങ്ങൾ വെള്ളിമുതൽ പറന്നുതുടങ്ങി. ഇസ്രയേലിലെ പരിക്കേറ്റ ആയിരങ്ങൾക്ക് സഹായം എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സുനക് പറഞ്ഞു.
സുരക്ഷാഭീഷണിയെ തുടർന്ന് ലണ്ടനിലെ ജൂത സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ചെലവിൽ ജൂതവിഭാഗക്കാർക്ക് സുരക്ഷ ഒരുക്കുമെന്ന്് സുനക് പറഞ്ഞിരുന്നു.