ഗാസ: ഗാസയിൽ നിന്ന് നിർബന്ധിത പലായനത്തിനായുള്ള ഇസ്രയേൽ നിർദേശം അംഗീകരിക്കാനാകില്ലെന്ന് പലസ്‌തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ജോർജിയയിലെ അമനിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഗാസ മുനമ്പിലേക്ക് അടിയന്തര മാനുഷിക ഇടനാഴികൾ തുറക്കണം. വൈദ്യസഹായം നൽകാനും അവിടെയുള്ള പലസ്തീൻകാർക്ക് വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ എത്തിക്കാനും നടപടിയുണ്ടാകണമെന്ന്’ അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് പരിഹാരം കാണാനുള്ള നീക്കം സജീവമാക്കി സൗദി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി ഫോണിൽ ചർച്ച നടത്തി. ഗാസയിലെ ആക്രമണം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മധ്യപൗരസ്‌ത്യദേശത്തെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് ഇറാൻ വിദേശമന്ത്രി ഹുസൈൻ അമിർ അബ്ദൊല്ലാഹിയാൻ മുന്നറിയിപ്പ് നൽകി.
റാഫ ഇടനാഴിയിലൂടെ പലസ്‌തീന് സഹായവും ഇന്ധനവും എത്തിക്കാൻ ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഈജിപ്ത് ചർച്ച നടത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ – സിസി, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ എന്നിവരുമായി ജോർദാൻ രാജാവ് അബ്ദുള്ള ചർച്ച നടത്തി.
ഗാസയിൽ ഭക്ഷണവും വെള്ളവും ഇന്ധനവും വെട്ടിക്കുറച്ച ഇസ്രയേലിന്റെ നടപടിയെ മലേഷ്യൻ വിദേശമന്ത്രി സാംബ്രി അബ്ദുൾ കാദിർ വിമർശിച്ചു. പലസ്തീന് അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ, ജർമൻ വിദേശമന്ത്രി അന്നലീന ബെയർബോക്ക്, യൂറോപ്യൻ കമിഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്‌ൻ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെർസോള എന്നിവർ ഐക്യദാർഢ്യവുമായി ഇസ്രയേലിലെത്തി.