കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി.
സമസ്ത നേതാക്കൾക്കെതിരെ സലാം നടത്തിയ വിമർശനങ്ങൾക്കെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് പരസ്യമായി രംഗത്തെത്തിയത്. പി.എം.എ.സലാം സമുദായത്തിനുള്ളിൽ വിള്ളൽ വീഴ്ത്താനാണ് ശ്രമിക്കുന്നത്.
മുസ്ലീംലീഗുമായി ബന്ധപ്പെട്ടവർ അദ്ദേഹത്തെ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
എത്ര വലിയവനായാലും സമസ്തയ്ക്കും സമസ്തയുടെ നേതാക്കൾക്കുമെതിരെ രംഗത്തെത്തിയാൽ കനത്ത വില നൽകേണ്ടി വരുമെന്നും എസ്.കെ.എസ്.എസ്.എഫ് മുന്നറിയിപ്പു നൽകി.
സമസ്തയും മുസ്ലീം ലീഗും കാലങ്ങളായി തുടർന്നു പോരുന്ന സൗഹൃദത്തെ തകർക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇക്കാര്യം ഗൗരവകരമായി തന്നെ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സലാം ആദ്യം സമസ്ത അധ്യക്ഷനേയും പിന്നീട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും പരസ്യമായി അവഹേളിച്ചു. സലാമിന് സമസ്തയോടുള്ള വിരോധമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും യോഗം വിലയിരുത്തി.