തിരുവനന്തപുരം: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തൃശൂരിൽ ഇന്ന് തിരിതെളിയും. തേക്കിൻകാട് മൈതാനത്തുവച്ച് മന്ത്രി ആർ.ബിന്ദു മുൻ ഫുട്ബോൾ താരം ഐ.എം.വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും.
വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങളാകും പങ്കെടുക്കുക. ചൊവ്വാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. തൃശ്ശൂർ കുന്നംകുളം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്റ്റേഡിയത്തിലാണ് മത്സരം.
കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു, മുൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, റ്റി.എൻ.പ്രതാപൻ എം.പി, മേയർ എം.കെ.വർഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്.
ഇതേ മാതൃക ഇത്തവണയും തുടരും. ആറ് വിഭാഗങ്ങളിലായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ആകെ 98 ഇനങ്ങളിലാണ് മത്സരം. ദേശീയ സ്കൂൾ കായികമേള നവംബർ രണ്ടാം വാരവും 37ആം ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ ഒമ്പതു വരെയും നടക്കുന്നതിനാലാണ് കായികോത്സവം നേരത്തെ നടത്തേണ്ടി വരുന്നത്.