Timely news thodupuzha

logo

ഇസ്രയേൽ പ്രതിരോധത്തിന്റെ പരിധി കടന്നെന്ന്‌ ചൈനീസ്‌ വിദേശമന്ത്രി

ബീജിങ്ങ്‌: ഗാസയിലേക്കുള്ള ഇസ്രയേൽ ആക്രമണം ഹമാസിനെതിരായ പ്രതിരോധത്തിന്റെ പരിധി കടന്നെന്ന്‌ ചൈനീസ്‌ വിദേശമന്ത്രി വാങ്ങ് യി. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോണിൽ ഇസ്രയേൽ–ഹമാസ്‌ യുദ്ധം ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം.

യുദ്ധം ഏത്‌ നിമിഷവും നിയന്ത്രണാതീതമാകുന്ന സ്ഥിതിയാണെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നത്‌ നിരപരാധികളെ കൊന്നൊടുക്കിയാവരുതെന്നും വാങ്‌ യി ഓർമിപ്പിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന്‌ ഉറപ്പാക്കണം. പ്രശ്‌നത്തിന്‌ രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോൾ ഗാസയിൽ പത്തുലക്ഷം പേർ ഭവനരഹിതരായെന്ന്‌ യുഎൻ റിപ്പോർട്ട്‌ ചെയ്തു.

ഇസ്രയേൽ ആക്രമണം പലസ്തീൻകാരെ പാതാളത്തിലേക്ക്‌ തള്ളിവിടുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിനായി വിവിധ അറബ്‌ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്‌.

റിയാദിൽ ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയ സൗദി അറേബ്യ വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഗാസയിലെ ഇസ്രയേൽ ഉപരോധം ഉടൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

അയൽ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി പലസ്തീനെ പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന്‌ ഈജിപ്ത്‌ വ്യക്തമാക്കി. ഹമാസുമായുള്ള പ്രശ്‌നത്തിന്‌ പലസ്തീൻ ജനതയെയാകെ ശിക്ഷിക്കുകയാണ്‌ ഇസ്രയേലെന്ന്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ എൽസിസി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *