ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക.
ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിം കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്. 1954ലെ സ്പെഷ്യൻ മാര്യേജ് ആക്റ്റ്, 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ്, 1969ലെ ഫോറിൻ മാര്യേജ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് സ്വവർഗ പങ്കാളികൾ, ട്രാൻസ്ഡൻഡർ വ്യക്തികൾ തുടങ്ങിയവർ സമർപ്പിച്ച് ഇരുപതോളം ഹർജികളാണ് ബെഞ്ച് തീർപ്പാക്കാൻ ഒരുങ്ങുന്നത്.
വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങളിലേക്ക് കടക്കാതെ സ്വവർഗ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം നിയമാനുസൃതമാക്കാൻ ആകുമോ എന്നതാണ് കോടതി പ്രധാനമായും പരിശോധിച്ചത്.
35 രാജ്യങ്ങളാണ് നിലവിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കി മാറ്റിയിരിക്കുന്നത്. ഹർജിയിൽ പത്തു ദിവസം നീണ്ടു നിന്ന വാദത്തിനൊടുവിൽ മേയ് 11 നാണ് സുപ്രീം കോടതി വിധി പറയാൻ മാറ്റി വച്ചത്.