ന്യൂഡൽഹി: യു.എ.പി.എ നിയമപ്രകാരമുള്ള അറസ്‌റ്റും കസ്റ്റഡിയും ചോദ്യ ചെയ്ത ന്യൂസ്‌ക്ലിക്ക് എഡിറ്ററുടെയും എച്ച്.ആർ വിഭാഗം മേധാവിയുടെയും ഹർജിയിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.
രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശം നൽകിയ കോടതി ഹർജി 30ന് വീണ്ടും പരിഗണിക്കും.യുഎപിഎ നിയമപ്രകാരമുള്ള അറസ്‌റ്റ്, കസ്റ്റഡി എന്നിവ ചോദ്യം ചെയ്‌ത് എഡിറ്റർ പ്രബീർ പുർകായസ്‌ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ, ഡൽഹി ഹൈക്കോടതി ഇവരുടെ ഹർജികൾ തള്ളിയിരുന്നു. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ന്യൂസ്‌ക്ലിക്ക് ഓഫീസുകളിലും ജീവനക്കാരുടെ വസതികളിലും മറ്റും നടത്തിയ റെയ്‌ഡുകൾക്ക് ഒടുവിൽ ഒക്ടോബർ മൂന്നിനാണ് പ്രബീർപുർകായസ്‌തയെയും അമിത് ചക്രവർത്തിയെയും അറസ്‌റ്റ് ചെയ്‌തത്.
പോളിയോ ബാധിതനായി കടുത്ത ശാരീരിക അവശതകൾ നേരിടുന്ന വ്യക്തിയാണ് അമിത് ചക്രവർത്തി. പ്രബീർപുർകായസ്‌തയ്‌ക്ക് 74 വയസായി. അറസ്‌റ്റിനുള്ള കാരണങ്ങൾ പോലും വിശദീകരിക്കാതെയാണ് ഇരുവരെയും ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചത്.