ന്യൂഡല്‍ഹി: സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി നേതാക്കള്‍. സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും അല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നെങ്കിൽ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണ്. എഎപി നിയമസഭാംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോംനാഥ് ഭാരതി എന്നിവരെയാണ് ബിജെപി നേതാക്കള്‍ സമീപിച്ചത്. 20 കോടി രൂപ വീതമാണ് ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തത്. മറ്റ് എംഎല്‍എമാരെ വശത്താക്കി നല്‍കിയാല്‍ 25 കോടി നല്‍കാമെന്നും പറഞ്ഞു’ സഞ്ജയ് സിംഗ് പറഞ്ഞു.
സിസോദിയക്കെതിരേയുള്ള കേസ് വ്യാജമാണെന്ന് ബിജെപിക്ക് അറിയാം. പക്ഷെ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബിജെപി നേതാക്കള്‍ക്ക് പ്രത്യേകം ചുമതല പാര്‍ട്ടി നല്‍കിയിരിക്കുകയാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ സോംനാഥ് ഭാരതി പറഞ്ഞു