പാറശാല: ധനുവച്ചപുരം വി.റ്റി.എം എൻ.എസ്.എസ് കോളേജിൽ എ.ബി.വി.പി സംഘം വിദ്യാർഥിയെ റാഗ് ചെയ്ത് മർദിച്ചതായി പരാതി. ഒന്നാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയായ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബി.ആർ.നീരജിനെയാണ് മർദിച്ചത്.
വ്യാഴം ഉച്ചയ്‌ക്ക് 2.30 നാണ് സംഭവം. ക്ലാസിൽ അവധിയായ വിദ്യാർഥികൾ തിരികെ കോളേജിൽ വരുമ്പോൾ പ്രമുഖനെന്ന് എബിവിപിക്കാർ വിളിക്കുന്ന ആരോമലെന്ന സീനിയർ വിദ്യാർഥിയെ കാണണമെന്ന് എ.ബി.വിപിക്കാർ നിർദേശിച്ചിരുന്നു.
ഇതിൻ പ്രകാരം കാത്തുനിന്ന നീരജിനെ സീനിയർ വിദ്യാർഥികളും എബിവിപി പ്രവർത്തകരുമായ ആരോമൽ, ഗോപീകൃഷ്ണൻ, പ്രണവ്, വിവേക് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം കോളേജ് ഗ്രൗണ്ടിലെത്തിച്ച് റാഗിങ്ങിന് വിധേയമാക്കി അസഭ്യം വിളിച്ച് മർദിക്കുകയായിരുന്നു.
നെഞ്ചിലും ശരീരമാസകലവും മർദിച്ച് വീഴ്‌ത്തുകയും ചവിട്ടിക്കൂട്ടുകയുമായിരുന്നു. ബോധരഹിതനായ നീരജിന് ബോധം വീണപ്പോൾ സംഘത്തിലൊരാൾ കോളേജ് ഗേറ്റിന് പുറത്തെത്തിക്കുകയായിരുന്നു. നീരജിനെ ജാതി പറഞ്ഞും നിറം പറഞ്ഞും അധിക്ഷേപിച്ചതായും പരാതിയുണ്ട്.
കൂടാതെ നീരജിന്റെ ഷർട്ടും പാന്റ്‌സും അടിവസ്ത്രവും ഊരിയെടുത്ത ശേഷം മൊബൈലിൽ ചിത്രം പകർത്തുകയും മർദനം പുറത്ത് പറഞ്ഞാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പെൺകുട്ടിയെ വിട്ട് പീഡനപരാതി നൽകി കേസിൽ കുടുക്കി ജയിലിലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. നീരജ് നെയ്യാറ്റിൻകര ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്. പാറശാല പൊലീസിലും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.