Timely news thodupuzha

logo

സ്വപ്നയ്ക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയയാളെ തലസ്ഥാനത്തെത്തിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയതിന് അറസ്റ്റിലായ അമൃത്സർ സ്വദേശി സച്ചിൻ ദാസിനെ തലസ്ഥാനത്ത് എത്തിച്ചു. പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്ത സച്ചിനെ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും.

അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ ഡ്രൈവിംഗ് ലൈസൻസുകളും തിരിച്ചറിയൽ രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു. ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നൽകി വൻ തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഇയാളുടെ രീതി.

മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ സർവകലാശാലയിൽ നിന്നുള്ള ബി.കോം സർട്ടിഫിക്കറ്റാണ് സ്വപ്ന സുരേഷിന് നിർമിച്ച് നൽകിയത്. ഇതിന് ഒരു ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം.