തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നൽകണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫിസർക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ.
വയനാട് ജില്ലാ ഫോറസ്റ്റ് ഓഫിസിലെ പൊതു ബോധന ഓഫിസർ പി.സി ബീന മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാൻ തടസം നിന്നു തുടങ്ങിയ ചട്ടലംഘനങ്ങളാണ് നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കീമാണ് ശിക്ഷ വിധിച്ചത്.
വനം വകുപ്പിലെ മുൻഗാമിയായ ഓഫിസർ പിൻഗാമിക്ക് നല്കുന്ന ഔദ്യോഗിക കുറിപ്പിന്‍റെ പകർപ്പ് നൽകാനുള്ള കമ്മിഷൻ ഉത്തരവും നിശ്ചിത സമയത്തിനകം പാലിച്ചില്ല. അത് 15 ദിവസത്തിനകം ഹരജിക്കാരന് നലകാനും 25 ദിവസത്തിനകം കമ്മിഷന് നടപടി റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷണർ നിർദ്ദേശിച്ചു.