ഇംഫാൽ: മണിപ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി കവർന്ന് മോഷ്ടാക്കൾ. ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ചയാണ് വൻ കൊള്ള നടന്നത്.
വെള്ളിയാഴ്ച ബാങ്ക് സമയം കഴിഞ്ഞതിനു ശേഷമാണ് പത്തു പേരടങ്ങുന്ന മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ ബാങ്കിലെ സുരക്ഷാ ജീവനക്കാരെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇവരിൽ ചിലർ പട്ടാളക്കാരുടേതിനു സമാനമായ വസ്ത്രങ്ങൾ ധരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എ.കെ 47 അടക്കമുള്ള ആയുധങ്ങളുമായി എത്തിയ അക്രമികൾ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം സൂക്ഷിച്ചിരുന്ന ലോക്കർ തുറപ്പിക്കുകയായിരുന്നു.
കവർച്ച നടക്കുന്ന സമയത്ത് അക്രമികളിൽ ചിലർ ബാങ്കിലെ മറ്റു ജീവനക്കാരെ തടഞ്ഞു ശുചിമുറിക്കുള്ളിൽ അടച്ചിട്ടതായും ജീവനക്കാർ പറയുന്നു.
വെറും പത്തു മിനിറ്റിനുള്ളിൽ അക്രമികൾ വൻ തുക കവർന്ന് ബാങ്കിൽ നിന്ന് രക്ഷപ്പെട്ടു. ഉഖ്രുൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മണിപ്പൂരിൽ സാമുദായിക സംഘർഷം ആരംഭിച്ചതിനു ശേഷം ഇതു മൂന്നാം തവണയാണ് ബാങ്ക് കൊള്ള നടക്കുന്നത്.