ബാംഗ്ലൂർ: നഗരത്തിലെ പന്ത്രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിനു പുറകേ സ്കൂളുകൾ ഒരു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂളുകളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് ബോംബ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. ചിലപ്പോൾ വ്യാജ ഭീഷണി ആയിരിക്കാം. എങ്കിൽ പോലും ഭീഷണിക്കു പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് കമ്മിഷണർ ബി ദയാനന്ദ എക്സിലൂടെ വ്യക്തമാക്കി.
സ്കൂൾ മൈതാനത്ത് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ മെയിലിൽ കുറിച്ചിരിക്കുന്നത്. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യൂ അതല്ലെങ്കിൽ മരിക്കാൻ തയാറാകൂ തുടങ്ങി നിരവധി വാക്യങ്ങളും മെയിലിൽ ഉണ്ട്. ഉടൻ തന്നെ സ്കൂളുകൾ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു.
കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെ വസതിക്ക് എതിർവശത്തുള്ള സ്കൂളിനുൾപ്പെടെ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ശിവകുമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.