കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സർക്കാർ ഉത്തരവിനു ഹൈക്കോടതിയുടെ സ്റ്റേ. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൗണ്‍സിലിന്‍റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാര നൽകിയതും ഹൈക്കോടതി സ്റ്റേ ചെയ്തു.
മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.
അല്ലാതെ സെക്രട്ടറിക്ക് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.