കൊച്ചി: ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുവയസുകാരന് ദാരുണാന്ത്യം. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്.
വെള്ളിയാഴ്‌ച 11 മണിക്ക് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് അപകടം നടന്നത്. ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ജാതി തോട്ടത്തില്‍ ആക്രി സാധനങ്ങള്‍ പെറുക്കവെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാർ ചേർന്നാണ് കുട്ടിയെ വൈദ്യുതി കമ്പിയില്‍ വേർപെടുത്തിയത്. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അപകടനില തരണം ചെയ്‌തു.