Timely news thodupuzha

logo

തൊടുപുഴ നഗരസഭ ഓഫീസിൽ വെർച്വൽ ക്ലാസ്സ് റൂം ആരംഭിച്ചു

തൊടുപുഴ: നഗരസഭയിൽ ആരംഭിച്ച വെർച്ചൽ ക്ലാസ് റൂം ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി അധ്യക്ഷത വഹിച്ചു. ജില്ലയുടെ കവാടവുംവളരെ തിരക്കേറിയതും ജനസാന്ദ്രത കൂടിയതുമായ പട്ടണത്തിൽ നിരവധി ജില്ലാ ഓഫീസുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നു. ഔദ്യോഗികപരമായ ജില്ലാതല മീറ്റിങ്ങുകളും സംസ്ഥാന തല മീറ്റിങ്ങുകളും നടക്കുന്നത് ഇടുക്കിയിലും തിരുവനന്തപുരത്തുമാണ്.

ഒട്ടേറെ മീറ്റിങ്ങുകൾ ഓൺലൈനായി ചേരുന്നു. സംസ്ഥാന തലത്തിൽ ഉൾപ്പെടെ 14 ജില്ലകളിലും ജില്ലാ ആസ്ഥാനത്തും തിരുവനന്തപുരത്തുമായി ചേരുന്ന ഓൺലൈൻ മീറ്റിങ്ങുകൾക്ക് നിലവിൽ തൊടുപുഴക്കാർ ഇടുക്കി തടിയമ്പാട് എത്തിച്ചേരേണ്ട സാഹചര്യമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനു വേണ്ടിയാണ് വെർച്വൽ ക്ലാസ് റൂം ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വെർച്ചൽ ക്ലാസ്സ് റൂമിൽ നൂതന സാങ്കേതിക വിദ്യകളോടുകൂടിയ പ്രോജക്ടറും സ്ക്രീനും ഉൾപ്പെടെ 40 സീറ്റുകൾ ഉള്ള ശീതീകരിച്ച ഹാളാണ് ഒരുക്കിയിരിക്കുന്നത്.

ഓൺലൈൻ മീറ്റിങ്ങുകൾക്കു പുറമെ ഔദ്യോഗിക പരിപാടികളും സാങ്കേതിക പഠന ക്ലാസുകൾ നടത്തുന്നതിനും വെർച്ചൽ ക്ലാസ് റൂം പ്രയോജനപ്പെടുത്താവുന്നതാണ്. ഇനിമുതൽ ഇടുക്കിയിൽ ചേരുന്ന മീറ്റിങ്ങുകൾ ഉൾപ്പെടെ തൊടുപുഴയിൽ ചേരാവുന്നതാണ്. ഇടുക്കി യാത്രയും വാഹന ചിലവും സമയവും ഇതുമൂലം ലാഭിക്കാം.

നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും തനത് ഫണ്ടും ചേർത്ത് പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ മുടക്കിയാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ കരീം , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പത്മകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി ബിജുമോൻ പി ജേക്കബ് നന്ദിയും പറഞ്ഞു. നഗരസഭ കൗൺസിലേഴ്സ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *