പാലക്കാട്: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക പുരോഗതി നേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യപ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.
വിശദമായ കാര്യങ്ങൾ പൊലീസ് തന്നെ പറയും. നല്ല രീതിയിൽ അന്വേഷണം നടന്നു. അന്വേഷണ മികവ് പൊലീസ് കാട്ടി. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പറഞ്ഞത്; കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു കാര്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു. നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നു എന്നത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിൻ്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചതും ഇപ്പോൾ ഓർക്കണം.
കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും നല്ല യശസ്സ് നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന സേനയാണ്. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 110 ദിവസത്തിനുളളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് ഒരു ഉദാഹരണം മാത്രമാണ്.
എകെജി സെൻ്ററിന് നേരെ ഉണ്ടായ ബോംബേറ്. “ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത പോലീസ് എന്ത് പോലീസ്” എന്നായിരുന്നു അന്നത്തെ ആദ്യഘട്ട പ്രചാരണം. പ്രതിയെ കിട്ടിയോ എന്ന് ദിവസക്കണക്ക് വെച്ച് ചോദിക്കലും ഉണ്ടായി. ഒടുവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ കേസിൽ അറസ്റ്റ് ചെയ്‌തപ്പോൾ പ്രചരണക്കാർ ഒറ്റയടിക്ക് നിശബ്‌ദരായി. മയക്കുമരുന്ന് ചോക്ലേറ്റ് നൽകിയിട്ടാണ് പ്രതിയെ കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചത് എന്ന വിചിത്ര ന്യായീകരണവുമായി ഒരു നേതാവ് വന്നത് ഓർക്കുന്നുണ്ടാകുമല്ലോ.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ഇതുപോലെയൊന്ന് ആയിരുന്നു. ആശ്രമം സന്ദീപാനന്ദഗിരി തന്നെ തീ വെച്ചു എന്നായിരുന്നു സംഘപരിവാറിൻ്റെ പ്രചാരണം. ഒടുവിൽ ബിജെപി കൗൺസിലർ അടക്കമുള്ള പ്രതികളെ ഇതുപോലെ പിൻതുടർന്ന് പോലീസ് പിടികൂടി.
രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങൾക്ക് ശേഷം പ്രതികൾ സ്വസ്ഥരായി ജീവിക്കുബോഴാണ് നിയമത്തിൻ്റെ കരങ്ങളിൽ അവർ പെടുന്നത്. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തി എലത്തൂരിലെ ട്രെയിൻ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാൻ ഇടയില്ല.
കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പൊലീസിന് നേരെ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകാൻ പാടില്ല. കൊല്ലത്തെ കുട്ടിയുടെ കേസിൽ ഒരു പരിധിവരെ മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ടിങ് നടത്തിയിട്ടുണ്ട്, ആ സംയമനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടർന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു.
നവകേരള സദസ്സ് ജില്ലയിൽ പര്യടനം തുടരുമ്പോൾ ഓർമ്മിക്കേണ്ട ഒരു കാര്യം പട്ടയ വിതരണത്തിന്റേതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്‌തത് പാലക്കാട് ജില്ലയിലാണ്. 17,845 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്‌തത്.
എല്ലാ ഭൂരഹിതരേയും ഭൂമിയുടെ ഉടമകളാക്കുക എന്നത് സർക്കാരിൻ്റെ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ജനങ്ങൾക്ക് നൽകിയ ആ ഉറപ്പ് മികച്ച രീതിയിൽ പാലിക്കുകയാണ്. ഇതിനായി സംസ്ഥാനത്ത് ഒരു പട്ടയ മിഷന് രൂപം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് ഏകദേശം 3 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാനത്ത് കഴിഞ്ഞു.
പട്ടയം ആവശ്യമുളളവര്‍ അപേക്ഷയുമായി അധികൃതരെ സമീപിക്കുന്ന രീതി മാറ്റി കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കണ്ടെത്തുന്ന പുതിയ രീതിയാണ് അവലംബിക്കുന്നത്. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പട്ടയ അസംബ്ലികള്‍ സംഘടിപ്പിച്ചു. പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ട പട്ടയ വിഷയങ്ങള്‍ 3 മാസം കൂടുമ്പോള്‍ റവന്യൂ മന്ത്രി നേരിട്ട് റിവ്യൂ ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു.
ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കെട്ടി കിടക്കുന്ന മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ലാൻ്റ് ബോര്‍ഡുകളെ 4 മേഖലകളായി തിരിച്ച് മേഖലാ ലാൻ്റ് ബോര്‍ഡ് ചെയര്‍മാന്മാരുടെ തസ്‌തിക സൃഷ്‌ടിച്ചത്. പ്രവര്‍ത്തനം തുടങ്ങി 4 മാസങ്ങള്‍ക്കുളളില്‍ തന്നെ 46 കേസുകളിലായി 347.24 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായത് ചരിത്ര നേട്ടമാണ്.
സംസ്ഥാനത്ത് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന് മാതൃകയായി യൂണിക്ക് തണ്ടപ്പേര്‍ സംവിധാനം ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു തണ്ടപ്പേര്‍ എന്ന ഈ സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതോടെ കൂടുതൽ മിച്ചഭൂമി ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുമാകും.
ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വ്വെ വകുപ്പിന്റെ ഇമാപ്, രജിസ്ട്രേഷന്‍ വകുപ്പിന്റെ പേൾ റവന്യൂ വകുപ്പിന്റെ റെയിൽസ് എന്നിവ സംയോജിപ്പിച്ച് എൻ്റെ ഭൂമി എന്ന പേരില്‍ സംയോജിത പോര്‍ട്ടല്‍ നിലവില്‍ വരും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം പൂര്‍ത്തിയാകുന്നത്. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകും.
ഇന്ന് നടന്ന പ്രഭാത യോഗത്തിന് മുൻപ് ഇടുക്കിക്കാരി ജിലുമോൾ വന്നിരുന്നു. കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് വണ്ടി ഓടിക്കാൻ പഠിച്ച ജിലുമോൾക്ക് അവിടെവെച്ച് ഡ്രൈവിങ് ലൈസൻസ് കൈമാറി. സംസ്ഥാന ഭിന്ന ശേഷി കമീഷനാണ് ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകി.