മുംബൈ: റിപ്പോ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. കഴിഞ്ഞ നാലു വായ്പാ നയ യോഗങ്ങളിലും റിപ്പോ റേറ്റിൽ മാറ്റമുണ്ടായിട്ടില്ല.
പണപ്പെരുപ്പം കുറയുകയും സാമ്പത്തിക വളർച്ച രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാമെന്ന് ആർ.ബി.ഐയുടെ വായ്പാ നയ യോഗം തീരുമാനമെടുത്തത്.
വായ്പാ നയ കമ്മിറ്റി ഐകകണ്ഠമായാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ നാണയപ്പെരുപ്പം നിയന്ത്രണത്തിലാണെങ്കിലും വിലക്കയറ്റത്തിനുള്ള സാഹചര്യം ഒഴിവാക്കി മുന്നോട്ടു പോകാനാണ് ആർ.ബി.ഐ ശ്രമിക്കുന്നത്.
വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിനുള്ള കർശന നയം തുടരുന്നുണ്ട്. 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ തുടർച്ചയായി ആറു തവണയാണ് റിപ്പോ നിരക്ക് വർധിപ്പിച്ചത്.