Timely news thodupuzha

logo

കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക്‌ സഹായമായി കേരള കാഷ്യു ബോർഡിന്‌ 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടർ നടപടികൾ അടക്കം ആരംഭിക്കുന്നതിനായാണ്‌ അടിയന്തിരമായി തുക അനുവദിച്ചത്‌.

ബോർഡ്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സംസ്‌കരണ ഫാക്ടറികൾക്കാണ്‌ ലഭ്യമാക്കുന്നത്‌. ഈ വർഷം ബോർഡുവഴി 14,112 മെട്രിക്‌ ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്‌തു.

ഇതിൽ 12,000 മെട്രിക്‌ ടൺ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്‌സ്‌ എന്നീ സർക്കാർ, സഹകരണ സ്ഥാപനങ്ങളുടെ ഫാക്ടറികൾക്കായാണ്‌ നൽകിയത്‌. ഇതിനായി സർക്കാർ സഹായമായി 43.55 കോടി നൽകി.

72.83 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിന്റെ വായ്‌പയായി ലഭ്യമാക്കി. അതിലൂടെ ഈ മാസത്തിന്റെ അവസാനംവരെ രണ്ടു സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ തുടർച്ചയായി ജോലി ഉറപ്പാക്കാനായിട്ടുണ്ട്‌. തുടർന്നും തൊഴിൽ ലഭ്യത ഉറപ്പാക്കാനാണ്‌ സർക്കാർ വീണ്ടും സഹായം അനുവദിച്ചത്‌.

Leave a Comment

Your email address will not be published. Required fields are marked *