Timely news thodupuzha

logo

മകരജ്യോതി ദർശനം: ഇടുക്കി ജില്ലാഭരണകൂടം പൂർണ്ണസജ്ജം

ഇടുക്കി: മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് , സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.എട്ട് ഡി വൈ എസ് പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ 150 പ്രത്യേക ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. കാഴ്ചാ കേന്ദ്രങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. വാഹനഅപകടം, ഗതാഗത തടസ്സം എന്നിവ ഉണ്ടാകാതെ നോക്കാൻ ഓരോ ജംഗ്ഷനുകളിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിൻ്റെ സഹായത്തോടെ 40 ആസ്ക ലൈറ്റുകളും വിന്യസിച്ചു. ഹരിഹരൻ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.

മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പൊലീസിൻ്റെ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുമിളി പീരുമേട് വണ്ടിപെരിയാർ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തേനി പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. കോഴിക്കാനം പുല്ലുമേട് വഴിയിൽ മാത്രം 365 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

കുമളി വഴി തിരക്ക് വർധിക്കുമ്പോൾ കമ്പംമെട്ട് വഴി തീര്‍ത്ഥാടകരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. കുമളി വഴി തിരികെ പോകാൻ സൗകര്യം ഒരുക്കുകയും ചെയ്യും.

ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായിവനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത്തടയാൻ പോലീസും വനം വകുപ്പും സംയുക്തപരിശോധന ശക്തമാക്കും. പത്തനംതിട്ട വഴിയുള്ള ഇക്കോ ടൂറിസം യാത്രകൾ മകരവിളക്ക് കഴിയുന്നത് വരെ നിരോധിച്ചിട്ടുണ്ട്.

ഗതാഗത തടസം, അപകടത്തിനും കാരണമാകുന്നരീതിയിലുള്ള അനധികൃത വഴിയോരകച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിന് പീരുമേട് തഹസില്‍ദാര്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള 10 കി.മീ ദൂരത്തില്‍ ഓരോ ഭാഗത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ പോലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തും കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.മകരവിളക്ക് ഡ്യൂട്ടിയ്ക്കെത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏർപ്പെടുത്തി.

കാനന പാതയില്‍ ഓരോ കിലോമീറ്ററിനുള്ളിലും ഡ്യൂട്ടിക്കായി ഉദ്യോസ്ഥരെ നിയമിച്ചു. കുടിവെള്ള ലഭൃത ഉറപ്പ് വരുത്തി. കാനന പാതയില്‍ റോഡ് തുറന്ന് കൊടുക്കാനും വിളക്ക് കഴിഞ്ഞ് അടയ്ക്കാനും ആർ ആർ ടി സംഘത്തെ നിയോഗിച്ചു. കാനന പാതയില്‍ കാട് വെട്ടത്തെളിച്ച് ഗതാഗത യോഗ്യമാക്കി.ഫയര്‍ ബെല്‍റ്റുകള്‍ നിര്‍മ്മിച്ചു. ഓരോ കിലോ മീറ്ററിലും വനം വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായും കുടിവെള്ള സാകര്യം ക്രമീകരിച്ചിട്ടുള്ളതായും തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതാണെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി ഡയരക്ടർ പെരിയാര്‍ വെസ്റ്റ് എസ് സന്ദീപ്
അറിയിച്ചു. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വരുന്ന് 8 പോയിന്റുകളിലും കുടിവെള്ളം ഫയര്‍ ഫോഴ്‌സ്, ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കി.കൂടാതെ നാലാം മൈല്‍ മുതല്‍ ഉപ്പ്പാറ വരെ വെളിച്ച വിതാനവും ക്രമീകരിച്ചിട്ടുണ്ട്.

സത്രം ഭാഗത്ത് സീറോ പോയന്റ്, പുല്ലുമേട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഇക്കോ ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കും.സത്രം, കോഴിക്കാനം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് പരിശോധന കർശനമാക്കും.
റാപിഡ് റെസ്പോൺസ് ടീം, വന്യമൃഗ രക്ഷാസംഘം ,കാനന പാതയിലെ ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള സംഘം എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

തെരുവുവിളക്കുകൾ, കുടിവെള്ള സൗകര്യം, ശുചിമുറി സൗകര്യം എന്നിവ ക്രമീകരിച്ചു. വളഞ്ഞങ്ങാനം, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അധിക ശുചിമുറികള്‍ സ്ഥാപിച്ചു. കുമളിയിലും വണ്ടിപ്പെരിയാറിലും കണ്‍ട്രോള്‍ റൂം തുറന്നു. അപകടമേഖലയില്‍ ദിശാ സൂചനാ ബോര്‍ഡുകള്‍, ഉറപ്പുള്ള ക്രാഷ് ഗാര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍, കുമളി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ അഞ്ച് പോയിന്റുകളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സജ്ജമാണ്.പുല്ലുമേട് സീതക്കുളം എന്നിവിടങ്ങളില്‍ രണ്ട് യൂണിറ്റ് സഫാരി ഫയര്‍ യൂണിറ്റിന്റെ ലഭൃതയും ഉറപ്പാക്കി.

Leave a Comment

Your email address will not be published. Required fields are marked *