ഇടുക്കി: മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ 50 ബസ്സുകൾ കെ എസ് ആർ ടി സി തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തും. 10 ബസ്സുകള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഉപയോഗിക്കാൻ ക്രമീകരിച്ചിട്ടുണ്ട്. ബസ്സുകള്‍ മുഴുവന്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചാണ് സര്‍വ്വിസ് നടത്തുന്നത്.
പുല്ലുമേട്ടിലെ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് . കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പുല്ലുമേട് കാനന പാതയിലും വിഷപാമ്പുകൾ മൂലം അപകടം ഉണ്ടായാല്‍, നേരിടുന്നതിനായി പീരുമേട് താലുക്ക് ആശുപത്രി, സി.എച്ച്.സി വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ആന്റിവെനം ഉറപ്പവരുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് കികിലോമീറ്റർ ഇടവിട്ട് ആംബുലന്‍സ് സേവനവുംഉറപ്പാക്കിയിട്ടുണ്ട് .
പാഞ്ചാലിമേട്, സത്രം, വള്ളക്കടവ് ഭാഗങ്ങളില്‍ കടകളില്‍ പരിശോധനയും ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനയും പട്രോളിംഗും ശക്തമാക്കി. കൺട്രോൾ റൂമും സജ്ജമാണ്.
പുല്ലൂമേട് കാനന പാതയില്‍ ഒരു കി.മീ ഇടവിട്ട് അഞ്ഞൂറ് മുതല്‍ 1000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് തീര്‍ത്ഥാടകർക്ക് ജല അതോറിറ്റി വിതരണം ചെയ്യും. പാഞ്ചാലിമേടും പരുന്തുംപാറയിലും കുടിവെള്ള ലഭൃത ഉറപ്പ് വരുത്തും.
പാഞ്ചാലിമേട്ടിൽ കഴിഞ്ഞ വര്‍ഷം നാലായിരത്തോളം തീര്‍ത്ഥാടകര്‍ എത്തിയതായാണ് ഡി ടി പി സി യുടെ കണക്ക്. ഇവിടെ ബാരി ക്കേഡുകളും കുടിവെള്ള ലഭ്യതയും ഉറപ്പാക്കി കഴിഞ്ഞു. ഡി. ടി.പി.സി യൂടെ ഉടമസ്ഥതയിലുള്ള ശുചിമുറികള്‍ തുറന്ന് നല്‍കിയിട്ടുണ്ട് .
കുമളി, സത്രം, വണ്ടിപ്പെരിയാര്‍,. പാമ്പനാര്‍ എന്നീ സ്ഥലങ്ങളിലെ എല്ലാ കടകളിലും വില വിവര പട്ടിക വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സംയുക്ത സ്‌ക്വാഡ് പരിശോധനനടത്തിവരുന്നു. റേഷന്‍ കടകളില്‍ 10 രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടിയെന്നും എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.