വയനാട്: കൂടല്ലൂരിൽ പിടിതരാതെ നടന്നിരുന്ന നരഭോജി കടുവ കൂട്ടിലായി. കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങൾ ഈ പ്രദേശത്തിനടുത്തെല്ലാം കടുവ എത്തിയിരുന്നു. കർഷകനെ കൊന്ന് പത്താം ദിനമാണ് കടുവ കൂട്ടിലാവുന്നത്.
ഡബ്ലു.ഡബ്ലു.എൽ 45 കടുവയാണ് വനം വകുപ്പിൻറെ കൂട്ടിൽ വീണത്. നേരത്തെ കടുവയെ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചിരുന്നു.
ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷാണ് ഈ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.