Timely news thodupuzha

logo

ഭായി മരിച്ചുവെന്ന രീതിയിൽ വരുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്, അദ്ദേഹം 1000% ആരോഗ്യവാൻ; ഛോട്ടാ ഷക്കീൽ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനു വിഷബാധയേറ്റെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി ഛോട്ടാ ഷക്കീൽ.

ദാവൂദ് നേതൃത്വം നൽകുന്ന ഡി കമ്പനി എന്നറിയപ്പെടുന്ന അധോലോക സാമ്രാജ്യത്തിന്‍റെ ആഗോള ക്രിമിനൽ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് അടുത്ത അനുയായി ആയ ഛോട്ടാ ഷക്കീലാണ്.

ഭായി മരിച്ചുവെന്ന രീതിയിൽ വരുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1000% ആരോഗ്യവാനാണെന്ന് ഒരു ദേശീയ മാധ്യമത്തോട് ഛോട്ടാ ഷക്കീൽ പറഞ്ഞു.

ദുരുദ്ദേശ്യത്തോടെ ഇടയ്ക്കിടെ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളുടെ ഭാഗം മാത്രമാണ് ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രചരിക്കുന്ന ദാവൂദിന്‍റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളെന്നും ഇയാൾ പറയുന്നു.

ദാവൂദ് അത്യാസന്ന നിലയിലാണെന്നും മരിച്ചെന്നുമെല്ലാം വാർത്തകൾ വന്നതിനു പിന്നാലെ പാക്കിസ്ഥാനിൽ ഇന്‍റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയതും വാർത്തകൾക്ക് ഊർജം പകർന്നിരുന്നു.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതികളായ പല തീവ്രവാദി നേതാക്കളും അടുത്തിടെ പാക്കിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ, ദാവൂദിന്‍റെ മകളുടെ ഭർത്താവിന്‍റെ അച്ഛനും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനുമായ ജാവേദ് മിയാൻദാദിനെ പാക് അധികൃതർ വീട്ടുതടങ്കലിലാക്കിയെന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ, താൻ ദാവൂദിനെ പാക്കിസ്ഥാനിൽ നേരിട്ട് സന്ദർശിച്ചെന്നാണ് ഛോട്ടാ ഷക്കീൽ പറയുന്നത്. ഇതിനിടെ, ദാവൂദിന് വിഷബാധയേറ്റെന്നും മരിച്ചെന്നുമുള്ള റിപ്പോർട്ടുകൾ ഇന്‍റലിജൻസ് ഏജൻസികൾ നിരാകരിച്ചിട്ടുണ്ട്.

എന്നാൽ, ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിലാണെന്ന വാർത്തകൾ നിഷേധിച്ചിട്ടില്ല. 1993ലെ മുംബൈ ബോംബ് സ്ഫോടന കേസിലെ പ്രധാന പ്രതിയായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ഒളിവിൽ കഴിയുന്നത്.

പാക്കിസ്ഥാൻ അധികൃതർ ഇക്കാര്യം ആവർത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും, ദാവൂദ് അവിടെ തന്നെയുണ്ടെന്നാണ് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ. ഇപ്പോൾ ഛോട്ടാ ഷക്കീലിന്‍റെ വെളിപ്പെടുത്തലും ഇതു സാധൂകരിക്കുന്നതാണ്.

പാക്കിസ്ഥാന്‍റെ കുപ്രസിദ്ധമായ ചാര സംഘടന ഐ.എസ്.ഐയാണ് ദാവൂദിന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതെന്നാണ് ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് വിഷബാധയ്ക്കുള്ള സാധ്യത തള്ളുന്നത്. എന്നാൽ, ദാവൂദ് കറാച്ചിയിലെ സൈനിക ആശുപത്രിയിൽ അതീവ സുരക്ഷയ്ക്കു നടുവിൽ ചികിത്സയിൽ തുടരുകയാണെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *