ന്യൂഡൽഹി: പശ്ചിമ ബംഗാൾ നേതാവ് അനുപം ഹസ്രയെ ബി.ജെ.പി ദേശീയ സെക്രട്ടറി പദത്തിൽ നിന്ന് നീക്കി. പാർട്ടി ദേശീയ സെക്രട്ടറി ജെ.പി നഡ്ഡയാണ് ഹസ്രയെ പദവിയിൽ നിന്ന നീക്കം ചെയ്തത്.
പശ്ചിമബംഗാളിലെ ബിജെപിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻ എംപി കൂടിയായ ഹസ്രയ്ക്കെതിരേ വിമർശനം ശക്തമായിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി പ്രസിഡന്‍റ് നഡ്ഡയും കോൽക്കത്ത സന്ദർശിക്കുന്ന അതേ സമയത്താണ് പാർട്ടി ഹസ്രയെ നീക്കം ചെയ്തതെന്നത് ശ്രദ്ധേയമാണ്.
പാർട്ടി തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് ബി.ജെ.പി എക്സിലൂടെ പങ്കു വച്ചിട്ടുണ്ട്. അടുത്തിടെ തൃണമൂൽ കോൺഗ്രസിലെ അഴിമതിക്കാരായ നേതാക്കളെ ബി.ജെ.പിയിലേക്കു ക്ഷണിക്കുന്നുവെന്ന ഹസ്രയുടെ പ്രസ്താവന വിവാദമായി മാറിയിരുന്നു.
ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്നവരോട് ബി.ജെ.പിയിലേക്ക് വരാനായിരുന്നു ഹസ്രയുടെ പ്രസ്താവന. തൃണമൂൽ ഈ വിഷയം ഉയർത്തി കൊണ്ടു വന്നപ്പോൾ ബിജെപി സംസ്ഥാന യൂണിറ്റ് പ്രസ്താവനയെ തള്ളി.
തൃണമൂൽ കോൺഗ്രസ് നേതാവാിയിരുന്ന ഹസ്ര 2014ൽ ബോൽപുരിൽ നിന്നും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തൃണമൂൽ 2019ൽ ഹസ്രയെ പുറത്താക്കി. ഇതിനു ശേഷമാണ് ഹസ്ര ബിജെപിയിൽ ചേർന്നതും ദേശീയ സെക്രട്ടറി പദത്തിലെത്തിയതും.