കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സെഷന്‍സ് ജഡ്ജി ഹണി.എം.വര്‍ഗീസ് വിചാരണ നടത്തരുതെന്ന ആവശ്യവും കോടതി തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.