തൊടുപുഴ:പാല മേലുകാവ് റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ കുടയത്തൂർ പുളിയമ്മാക്കൽ ഗിരീഷ് ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.
കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം ഉണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാല മരിയൻ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഇരുന്ന ഭാഗം ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. കിഡ്നി രോഗിയായ ഗിരീഷ് ബുധനാഴ്ചയും ശനിയാഴ്ചയും ഡയാലിസിസ് നടത്തി വരികയായിരുന്നു.
.ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി.
ടിപ്പറിന്റെ പിന്നിൽ ഓട്ടോ ഇടിച്ച് കുടയത്തൂർ സ്വദേശി മരിച്ചു
