Timely news thodupuzha

logo

കൂടത്തായി കേസ്; ഒരു സാക്ഷികൂടി കൂറുമാറി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയാണ് ഇത്തവണ കൂറുമാറിയത്.

ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. കേസിലെ ആറാം പ്രതിയായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്.

പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജ്വലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു.

സ്വത്ത് തട്ടിയെടുക്കുന്നതിനായി ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇതിൽ അഞ്ച് എണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു. 2002 ലാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ മരണം.

ആട്ടിൻ സൂപ്പ് കഴിച്ച് അന്നമ്മ തോമസ് കുഴഞ്ഞു വീണ് മരിച്ചു. തുടർന്ന് ആറ് വർഷത്തിനു ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മൂന്ന് വർഷത്തിനു ശേഷം ഇവരുടെ മകൻ റോയി തോമസ്, പിന്നീട് അന്നമ്മ തോമസിന്‍റെ സഹോദരൻ എം.എം മാത്യു, തൊട്ടടുത്ത മാസം ഷാജുവിന്‍റെ ഒരു വയസുകാരി മകൾ ആൽഫൈൻ, 2016ൽ ഷാജുവിന്‍റെ ഭാര്യ സിലി എന്നിങ്ങനെ നീണ്ടു. ഇതിൽ റോയ് തോമസിന്‍റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയും ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ജോളി പിടിയിലാവുന്നത്.

Leave a Comment

Your email address will not be published. Required fields are marked *