തൊടുപുഴ: സേവാഭാരതി മണക്കാട് യൂണിറ്റിലെ സ്വാവലംഭ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് ട്രഷറർ അജിത് കുമാർ എ.ജെ, സമാജിക കൺവീനർ സുരേഷ് വി.കെ, വൈസ് പ്രസിഡന്റ് കെ.സി വിനോദ്കുമാർ, സെക്രട്ടറി പ്രതീഷ് എൻ.ആർ എന്നിവർ ചേർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി വാഴ, കപ്പ, ചേന ചേമ്പ്, കാച്ചിൽ, മറ്റു കിഴങ്ങു വർഗ്ഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, കച്ചോലം, ചീര, പയർ മറ്റു പച്ചക്കറികൾ എന്നിവ ഏകദേശം 4 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്.
ജൈവ മാർഗങ്ങളിൽ ചെയ്യുന്ന കൃഷികളിൽ മൾച്ചിങ് ഷീറ്റ് ഉപയോഗിച്ചുള്ള പുതിയ കൃഷി രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നു.
ഒരു വർഷം കഴിഞ്ഞ ഈ കൂട്ടായ്മയുടെ വിജയം മനസിലാക്കിയ നിരവധി ആളുകൾ കൃഷി ചെയ്യാൻ സൗജന്യമായി സ്ഥലം വിട്ടു കൊടുക്കുവാൻ തയ്യാറായി വന്നിരിക്കുകയാണ് ഇപ്പോൾ.
ഏഴാം വാർഡിലെ 35 സെന്റിൽ തുടങ്ങിയ കൃഷി ഇന്ന് മണക്കാട് പഞ്ചായത്തിലെ 7,5,13 വാർഡുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 35ആം വാർഡിലുമായി നാല് ഏക്കറിൽ അധികം സ്ഥലത്തു ഈ കാർഷിക കൂട്ടായ്മയുടെ കൃഷി എത്തി നിൽക്കുന്നു.
വിവിധ മേഖലകളിൽ പണി എടുക്കുന്നവരുടെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയവും ഞായറാഴ്ചകളും ആണ് കൃഷിക്കായി മാറ്റി വച്ചിരിക്കുന്നത്.
കാട് പിടിച്ച് കിടക്കുന്ന തരിശ് ഭൂമികൾ പരമാവധി കൃഷി ചെയ്യുക, കൃഷിയെ പ്രോത്സാഹിപ്പിക്കുക, വിഷരഹിതമാണെന്ന് ഉറപ്പുള്ള ഒരു ഉൽപ്പന്നം എങ്കിലും സ്വന്തമായി കൃഷി ചെയ്താൽ വിശ്വസിച്ച് കഴിക്കാമെന്ന ലക്ഷ്യത്തിൽ തുടങ്ങിയ കൃഷിയിലെ ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ആവിശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്.