മാലെ: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന് തിരിച്ചടി. മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയർ തെരഞ്ഞെടുപ്പിൽ മൊയ്‌സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ്(പി.എൻ.സി) പരാജയപ്പെട്ടു.
മുൻ പ്രസിഡന്റ് മൊഹമ്മദ് സോലിഹ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ അനുകൂല പാർടിയായ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർടി(എം.ഡി.പി) സ്ഥാനാർഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മൊയ്‌സു ഒഴിഞ്ഞതോടെയാണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 45 ശതമാനം വോട്ട് നേടിയാണ് ആദമിന്റെ വിജയം. പി.എൻ.സി സ്ഥാനാർഥിയായ അസിമ ഷകൂറിന് 29 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ.