ഇടുക്കി: മറയൂരിലെ മലനിരകളിൽ സമൃദ്ധമായ വേനൽ പഴക്കാലത്തിൻ്റെ വരവറിയിച്ച് മരങ്ങൾ പൂത്തു. കോടമഞ്ഞു പുതച്ച് നില്ക്കുന്ന മറയൂർ മല നിരകളിൽ ഇല കൊഴിഞ്ഞ മരങ്ങൾ അടിമുടി പൂവണിഞ്ഞു നിൽക്കുന്നത് സഞ്ചാരികളെ വളരയധികം ആകർഷിക്കുന്ന കാഴ്‌ചയാണ്.
പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവായ മറയൂർ മലനിരകളിലെ കാന്തല്ലൂർ, കീഴാന്തൂർ, പെരുമല പ്രദേശങ്ങളിലാണ് പഴച്ചെടികൾ പൂത്ത് തോട്ടങ്ങൾ പുപ്പാടങ്ങളായിരിക്കുന്നത്.
ശൈത്യകാലമായ ഡിസംബർ, ജനുവരി മാസങ്ങളിലാണ് സാധാരണയായി പൂവിടുന്നത്. പ്രദേശത്ത് കഴിഞ്ഞ രണ്ടു മാസമായി അനുഭവപ്പെട്ട മഴയും മൂടൽ മഞ്ഞും മൂലം ചെടികളിൽ പൂവിടുന്നത് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വിളവും കുറവായിരിക്കും.
ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച് മേയ്, ജൂൺ മാസങ്ങളിൽ വിളവെടുക്കുന്ന പ്ലംസ്, പിച്ചസ് തുടങ്ങിയ പഴങ്ങളുടെ മരങ്ങളാണ് നിറയെ പൂവിട്ടിരിക്കുന്നത്.
പ്ലംസ് ചെടിയിൽ വെള്ള പൂവും പിച്ചസ് ചെടിയിൽ പിങ്ക് നിറത്തിലുള്ള പൂവുകളുമാണ് പൂവിട്ടിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള പ്രദേശമായ കാന്തല്ലൂർ ഏതു കൃഷിക്കും അനുയോജ്യമായ കാർഷിക മേഖലയാണ്. ചുറ്റും മല നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ മഴനിഴൽ പ്രദേമാണ് ഇത്.
കേരളത്തിൽ മഴ തിമിർത്തു പെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഇവിടെ കാറ്റുമാത്രം വീശീയടിച്ചു കൊണ്ടിരിക്കും. ചുറ്റുമുള്ള മലനിരകൾ മഴയെ തടഞ്ഞു നിർത്തുമ്പോൾ മല മുകളിൽ മാത്രമാകും മഴ.
താഴ്വാരം നൂൽമഴയോടെ മഴനിഴലിലും പിന്നെ കോട മഞ്ഞും വർഷത്തിൽ ഭൂരിഭാഗം സമയവും ഇത്തരം കാലാവസ്ഥ ആയതിനാൽ മറയൂർ തടത്തിൽ വിളയുന്ന ഏതു വിളകൾക്കും അധിക രുചി ലഭിക്കും കേരളത്തിൽ ആപ്പിൾ, കുങ്കുമപ്പൂ എന്നിവ വിളയുന്ന ഏക പ്രദേശവും കാന്തല്ലൂരാണ്.
ഏപ്രിൽ പ്ലംസ്, പിച്ചസ്, മാതളം, പാഷൻഫ്രൂട്ട് പഴങ്ങളും ജൂൺ, ജൂലൈ മാസങ്ങളിൽ ആപ്പിൾ പഴങ്ങളും സ്ട്രോബറി പഴങ്ങളും ലഭിക്കും. പഴങ്ങളുടെ ഒരു പരേഡാണ് കാന്തല്ലൂരിൽ.