Timely news thodupuzha

logo

സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഫെബ്രുവരി എട്ട് ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ നിരന്തര അവ​ഗണനയ്ക്കെതിരെ ഡൽ​ഹി ജന്തർ മന്ദിറിൽ നടന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം സമരം നടത്തുന്നത് രാജ്യത്തിന്റെ ഫെഡറലിസത്തെ തകർത്തുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്. എന്നാൽ കേരളത്തോടും മറ്റ് ബിജെപി ഇതര സർക്കാരുകളോടും വിവേചനപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ആകെ വരുമാനത്തിൽ സംസ്ഥാനത്തിനുള്ള ഓഹരി തുടർച്ചയായി പരിമിതപ്പെടുത്തുന്നു. ഇടക്കാല ബജറ്റൽ സംസ്ഥാനത്തെ വീണ്ടും അവ​ഗണിച്ചു. സർക്കാരിന്റെ നയങ്ങൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. കേരളം ഒരുപാട് നേട്ടങ്ങൾ പല മേഖലകളിലും കൈവരിച്ചു. പക്ഷേ നേട്ടങ്ങൾക്ക് ശിക്ഷ നൽകുന്ന രീതിയാണ് കേന്ദ്രത്തിന്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും കേട്ടതായിപ്പോലും കേന്ദ്രം ഭാവിക്കാറില്ല. സംസ്ഥാനനിർദേശങ്ങൾ ധനകമീഷൻ അം​ഗീകരിക്കാറില്ല.

ലൈഫ് പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന ഈ വീടുകളിൽ കേന്ദ്ര പദ്ധതിയുടെ ബോർഡ് വെക്കണം അല്ലെങ്കിൽ കേന്ദ്രം നൽകുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്നാണ് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം ജനുവരി 22വരെ 3,71,934 വീടുകൾ നിർമ്മിച്ചപ്പോൾ 32,751 വീടുകൾക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ 72,000 രൂപ വീതമുള്ള സഹായം ലഭിച്ചത്. പിഎംഎവൈ അർബൻറെ ഭാഗമായി 80,259 വീടുകൾക്ക് 1,50,000 രൂപ കേന്ദ്രം നൽകി. ഈ രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കൾക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നത് സംസ്ഥാന സർക്കാരാണ്. എല്ലാം ചേർത്താലും ആകെ 1,13,010 വീടുകൾക്ക് (30.38%) മാത്രമാണ് നാമമാത്രമായ കേന്ദ്രസഹായം ലഭിച്ചത്. ബാക്കി 2,58,924 വീടുകളും പൂർണമായി സംസ്ഥാന സർക്കാരിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചത്. ലൈഫ് മിഷന് വേണ്ടി ഇതിനകം ആകെ ചിലവിട്ടത് 17,104.87 കോടി രൂപയാണ്. അതിൽ കേന്ദ്രം നൽകിയത് 2081 കോടി രൂപ. അതായത് വെറും 12.17 ശതമാനം. ബാക്കി 87.83 ശതമാനം തുക നൽകുന്ന സംസ്ഥാന സർക്കാർ ഒരു ബ്രാൻഡിംഗിനും തയ്യാറല്ല. കാരണം ഒരോരുത്തരുടെയും വീട് ആരുടെയും ഔദാര്യമല്ല അവകാശമാണ് എന്നാണ് ഞങ്ങളുടെ നിലപാട് – മുഖ്യമന്ത്രി പറഞ്ഞു.

ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ അതിനെതിരെ സമരം ശക്തമാക്കണം. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തിനെതിരെ സമരത്തിനുണ്ട്. എന്നാൽ രാജ്യത്തിന്റെ പൊതുവായ ഐക്യത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മനഃപൂർവം സമരം നടത്തുന്നു എന്ന രീതിയിലാണ് പ്രധാനമന്ത്രി സംസാരിക്കുനന്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഐക്യവും മതേതരത്വവും നിലനിർത്താനായി ശ്രമിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്കും ഇടനിലക്കാർക്കും വേണ്ടി ഒന്നും ചെയ്യില്ല എന്നതാണ് കേന്ദ്ര നിലപാട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള നൂതന മാർ​ഗങ്ങൾ കൂടിയാണ് സമരങ്ങളിലൂടെ സർക്കാർ ആരായുന്നത്.

സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് സാമ്പത്തികബാധ്യതയുണ്ടാകുന്നതെന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം. എന്നാൽ തനതുവരുമാനത്തിലുൾപ്പെടെ ഉയർച്ചയാണ് സംസ്ഥാനത്തിനുണ്ടായത്. കേന്ദ്രത്തിന്റെ വിവേചന നിലപാട് ഉണ്ടായിട്ടും ക്ഷേമവികസനപ്രവർത്തനങ്ങളിൽ ഒന്നുപോലും തടസപ്പെട്ടിട്ടില്ല. 65 രൂപ സംസ്ഥാനം പിരിച്ചെടുത്താൽ 35 രൂപ കേരളം തരുമെന്നാണ് കണക്ക്. കേരളം നികുതിവരുമാനമായി 79 രൂപ പിരിച്ചെടുക്കുമ്പോൾ കേന്ദ്രം തരുന്നത് 21 രൂപയാണ്. യുപിക്ക് 100ൽ 46, ബിഹാറിൽ 70, കേരളത്തിന് 21. ഇത് വിവേചനമല്ലെങ്കിൽ മറ്റെന്താണ്?.

പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്നു പൊരുതിയ ചരിത്രമാണ് കേരളത്തിൻറേത്. മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും സംസ്ഥാനം മറികടന്നു. രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങൾ സ്വന്തമാക്കി. നീതി ആയോഗിൻറെ ദേശീയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര സൂചികയിൽ കുറവ് ദാരിദ്രമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികൾ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, 2021ലെ പബ്ലിക് അഫയേർസ് ഇൻഡെക്സിൽ ഒന്നാം സ്ഥാനം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ മികവിൻറെ സൂചികയിൽ ഒന്നാം സ്ഥാനം, നീതി ആയോഗിൻറെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്സ് സർവേയിൽ ഒന്നാം സ്ഥാനം തുടങ്ങി അസഖ്യം നേട്ടങ്ങൾ കേരളം കഴിഞ്ഞ 8 വർഷക്കാലയളവിൽ സ്വന്തമാക്കി. എന്നാൽ മികവിൽ നിന്നും കൂടുതൽ മികവിലേയ്ക്ക് പോകാൻ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പ്രളയങ്ങളുടേയും മഹാമാരിയുടേയും ഘട്ടങ്ങളിൽ അർഹമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനു പകരം ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു

​ഗവർണറെ ഉപയോ​ഗിച്ച് പ്രശ്നമുണ്ടാക്കുന്ന രീതിയും സംസ്ഥാനത്ത് നടപ്പാക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡൻറ്മാരെപോലെ പോലെ പെരുമാറുകയാണ് ​ഗവർണർ. ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകൾക്ക് അംഗീകാരം നൽകാതെയും വഴിയിൽ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവർണറുടെ പ്രവർത്തനങ്ങൾക്കാണ് കേരളം വേദിയാകുന്നത്. ചാൻസിലർ പദവി ഉപയോഗിച്ച് സർവ്വകലാശാലകളുടെ പ്രവർത്തനം പോലും അട്ടിമിറക്കുന്നു. ​നയപ്രഖ്യാപനം വായിക്കാൻ സമയമില്ലെങ്കിലും റോഡിൽ ഇരിക്കാൻ ഗവർണർക്ക് സമയമുണ്ട്.

ഈ വിഷയങ്ങളെല്ലാം സർക്കാരിനോട് പല തരത്തിൽ അവതരിപ്പിച്ചു. എല്ലാ വഴിക്കും ശ്രമിച്ചിട്ടും ഒരു മറുപ‍ടിയുമില്ലാത്തതിനാലാണ് ഇത്തരമൊരു സമരത്തിലേക്ക് എത്തിയത്. വിവേചനങ്ങൾക്കെതിരെ സംസാരിക്കാതെയിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല- മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തിൽ പങ്കുചേർന്ന് പിന്തുണയറിയിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *