കൊച്ചി: പ്രിയ വര്‍ഗീസിന് വേണ്ടത്ര അക്കാദമിക യോഗ്യതയില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ അയോഗ്യതകള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. അധ്യാപന തസ്തികയില്‍ വേണ്ടത്രകാലം പ്രവര്‍ത്തി പരിചയമില്ല, അസോസിയേറ്റ് പ്രഫസറാകാനുള്ള യോഗ്യതകൾ പ്രിയക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.യുജിസി മാനദണ്ഡങ്ങള്‍ എല്ലാത്തിനും മുകളിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്‌ക്രൂട്ട്‌നി കമ്മിറ്റി എങ്ങനെ ആണ് ഇവയെല്ലാം അക്കാദമിക യോഗ്യതയായി പരിഗണിച്ചതെന്നറിയില്ലെന്നും പറഞ്ഞ കോടതി പിഎച്ച്ഡി കാലം മുഴുവന്‍ ഗവേഷണത്തിനായി മാത്രം പരിഗണിച്ചെന്ന് പ്രിയ സമ്മതിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ആ കാല ഘട്ടത്തെ പ്രവര്‍ത്തി പരിചയമായി കണക്കാക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.
നിയമന വിഷയം പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്‌കീമിന്‍റെ (എന്‍.എസ്.എസ്) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എന്‍എസ്എസ് പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല.
കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും കേസ് പരിഗണിച്ചപ്പോള്‍ പ്രിയ വര്‍ഗീസിനെ ഫെയ്‌സ്ബുക് പോസ്റ്റ് പരാമര്‍ശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എന്‍എസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ല. അസുഖകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു.
കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ല. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്‍റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ പറ്റുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോടതിയില്‍ പറയുന്ന കാര്യങ്ങളില്‍ നിന്നും പലതും അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കുന്ന നിലയാണ് ഇപ്പോള്‍ ഉള്ളത്. കക്ഷികള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും കേസില്‍ വിധി പറയും മുന്‍പ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.