തന്‍റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച കൊച്ചുപ്രേമന്‍റെ ജീവിതം അഭിനയകലയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. എട്ടാം ക്ലാസ് മുതൽ നാടകത്തിന്‍റെ ലോകത്തേക്ക് സഞ്ചരിച്ച് തുടങ്ങിയ കൊച്ചുപ്രേമന്‍ തന്‍റെ വഴിയേതെന്ന് വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. രണ്ടാമത്തെ നാടകം ഊഷ്ണരാശിയും അവതരിപ്പിച്ചതിന് ശേഷം കൊച്ചുപ്രേമൻ നാടകങ്ങളെയും അഭിനയത്തെയും കൂടുതൽ സീരയസായി സമീപിക്കാൻ തുടങ്ങി.
പിന്നീട് ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെ കൊച്ചുപ്രേമൻ തന്‍റെ നാടകങ്ങൾ സംപ്രേക്ഷണം ചെയ്യുകയും അതിനോടൊപ്പം വിവിധ നാടകസംഘങ്ങൾക്ക് ഒപ്പം പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തതോടെയ അദ്ദേഹത്തിലെ കലാകാരനെ ലോകം കൂടുതൽ ശ്രദ്ധിച്ച് തുടങ്ങി. കൊല്ലം കാളിദാസകലാകേന്ദ്രത്തിന് ഒപ്പവും തിരുവനന്തപുരം സംഘചേതനയ്ക്ക് ഒപ്പവും പ്രവർത്തിച്ച കൊച്ചുപ്രേമനെ നാടകത്തിൽ നിന്ന് സിനിമയിലേക്ക് കൈ പിടിച്ചുയർത്തുന്നത് ജെ സി കുറ്റിക്കാടാണ്.
1979 ൽ പുറത്തിറങ്ങളിയ ഏഴു നിറങ്ങളാണ് ആദ്യ സിനിമ. പിന്നീട് 1997 ൽ ദില്ലിവാലരാജകുമാരനിലും അഭിനയിച്ച കൊച്ചുപ്രേമൻ ശ്രദ്ധേയനാകുന്നത് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ്. അദ്ദേഹത്തിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തന്നെ നാലാൾ സിനിമാനടൻ എന്ന രീതിയിൽ തിരിച്ചറിയാൻ തുടങ്ങിയത് ഈ ചിത്രം മുതലാണെന്നാണ്. ആ വർഷം തന്നെ പുറത്തിറങ്ങിയ ജയരാജ് സിനിമ ഗുരുവിലെ അഭിനയത്തിലൂടെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു.
തെങ്കാശിപ്പട്ടണത്തിലെ മച്ചമ്പീ എന്ന അദ്ദേഹത്തിന്‍റെ വിളി മിമിക്രി ആർടിസ്റ്റുകളിലൂടെ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീടും നിരവധി സിനിമകളിൽ അഭിനയം തുടർന്ന കൊച്ചുപ്രേമൻ വീണ്ടും എല്ലാവരെയും ഞെട്ടിച്ചത് 2016 ൽ ഇറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലൂടെ അഭിനയത്തിലൂടെയാണ്. ചിത്രത്തിലെ രാഘവൻ എന്ന കഥാപാത്രം ആ വർഷത്തെ ദേശീയ അവാർഡിന് പരിഗണിക്കുന്നവരുടെ ലിസ്റ്റിലേക്ക് കൊച്ചുപ്രേമന്‍റെ പേരും ഉയർത്തി.പിന്നീട് നിരവധി സിനിമകളിലൂടെ അത്ഭുതം തീർത്ത കൊച്ചുപ്രേമനെ അവസാനമായി സ്ക്രീനിൽ കണ്ടത് മോഹൻലാലിനൊപ്പം ആറാട്ടിലാണ്.
സാക്ഷാൽ അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഒപ്പം മത്സരിച്ച കൊച്ചുപ്രേമൻ അവസാനം വരെ പോരാടിയെങ്കിലും ഭാഗ്യം അമിതാഭ് ബച്ചനെ തുണച്ചു. അതിലെ നിരാശ മറച്ച് വയ്ക്കാതെ ശക്തമായി പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. തികഞ്ഞ കലാകാരനായിരുന്ന കൊച്ചുപ്രേമന്‍റെ മരണം മലയാളസിനിമയ്ക്ക് തീരാനഷ്ടമാണ്.