കണ്ണൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1,53,103 കുടുംബങ്ങൾക്ക് പട്ടയം നൽകിയതായി റവന്യൂമന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം വർഷം 54,535 പട്ടയവും പട്ടയ മിഷനിലൂടെ 31,499 എണ്ണവും വിതരണം ചെയ്‌തു. 1977നു മുമ്പ് വന ഭൂമിയിൽ കുടിയേറിയ കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പട്ടയം നൽകാൻ സംസ്ഥാനത്ത് നിയമവും ചട്ടവും ഉണ്ടാക്കിയിട്ടുണ്ട്.
ഇതു പ്രകാരം അപേക്ഷ നൽകിയ ആയിരക്കണക്കിന് കർഷകർക്കും പട്ടയം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും.
1977നു മുമ്പുള്ള കൈവശം സംബന്ധിച്ച രേഖകൾ സഹിതം പുതിയ അപേക്ഷ വാങ്ങി സമയബന്ധിതമായി ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കും.
ഈ സർക്കാരിന്റെ കാലത്തുതന്നെ മലയോര
മേഖലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും. ഭൂമി തരംമാറ്റം വേഗത്തിലാക്കുന്നതിന് നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടില്ല.
ഇതു കാരണം ലക്ഷക്കണക്കിന് അപേക്ഷയാണ് തീർപ്പാകാതെ കിടക്കുന്നത്. മണൽവാരൽ നിയന്ത്രണം നീങ്ങിയതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കടലുണ്ടി, ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ മണൽ ഖനനം ആരംഭിക്കും.
സംസ്ഥാനത്തെ 32 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മണൽ ഖനന സാധ്യതയുള്ള കടവുകൾ കണ്ടെത്തിയിട്ടുണ്ട്. നടപടി ക്രമം പാലിച്ച് ഈ കടവുകളിൽ നിന്ന് മണൽവാരാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.