Timely news thodupuzha

logo

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാരാണെന്ന് പ്രതിപക്ഷം; നടക്കുന്നത് സംഘടിത വ്യാജ പ്രചരണം, നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പിഎസ്സിയേയും എംപ്ലോയ്മെന്‍റ്എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

എന്നാൽ  പിന്‍വാതില്‍ നിയമനങ്ങളെന്ന പേരില്‍ നടക്കുന്നത് സംഘടിതമായ വ്യാജ പ്രചാരണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം. തിരുവനന്തപുരം മേയറുടേ പേരിൽ പ്രചരിക്കുന്നത് വ്യാജ കത്താണ്. അതില്‍ മേയര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചർച്ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയിൽ നിലപാടെടുത്തു.  അതിശയോക്തിയും അതിവൈകാരികതയും ചേർത്താണ് വിവാദങ്ങൾ പടുത്തുയർത്തുന്നത്. ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ജനം മുഖവിലക്കെടുക്കില്ല. 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടന്നു. 1-ാം പിണറായി സര്‍ക്കാര്‍ മുതല്‍ ഇതുവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തേക്കാള്‍ 18,000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടുവെന്ന് മന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കാലം മുതൽ തന്നെ ഇത്തരം പ്രചാരണം നടന്നിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു. 

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിയമനത്തിനായി എംഎല്‍എമാര്‍ എഴുതിയ കത്തുകളും മന്ത്രി എംബി രാജേഷ് സഭയില്‍ വായിച്ചു. പി സി വിഷ്ണുനാഥ് എഴുതിയ കത്തും ഇതിലുണ്ട്. ഇവ പുസ്തകമാക്കി പ്രസിദ്ധീകരിച്ചാന്‍ നെഹ്‌റു ഇന്ദിരയ്ക്ക് അയച്ച കത്തുകളേക്കാള്‍ വരുമെന്നും മന്ത്രി രാജേഷ് പരിഹസിച്ചു.

ഇതിന് മറുപടി നൽകിയ പ്രതിപക്ഷ എംഎൽഎ പിസി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേർ തൊഴിലിന് കാത്ത് നിൽക്കുന്നതായി ആരോപിച്ചു. പിൻവാതിൽ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് പറഞ്ഞു. മേയരുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന് ചോദ്യമുയർത്തിയ എംൽഎ വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയർ പോലും പറഞ്ഞിട്ടില്ലല്ലോ എന്ന് പരിഹസിച്ചു. എഴുതിയ ആൾ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആർ അനിലിന്‍റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാരാണ്. പട്ടിപിടുത്തക്കാർ മുതൽ യൂണിവേഴ്സിറ്റി വിസിമാർ വരെ ‘കത്തുമായെത്തി ‘ ജോലി നേടുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനത്തിൽ യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *