കൊച്ചി: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് 20 വർഷം വരെ തടവിന് വിധിച്ചു.
വിചാരണ കോടതിയുടെ ശിക്ഷാവിധി ഉയർത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാം പ്രതിയായ അനൂപ് ഉൾപ്പെടെ ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 20 വർഷം കഴിയാതെ ശിക്ഷയിൽ ഇളവു നൽകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വിചാരണക്കോടതി ഒഴിവാക്കിയ കെകെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കെ.കെ രമയ്ക്ക് 7.50 ലക്ഷം രൂപയും മകൻ അഭിനന്ദിന് അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു. കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എം.സി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.
പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന കെ.കെ രമയുടെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ 11 പ്രതികൾക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്ന് വർഷം കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികള്‍ ശിക്ഷ അനുഭവിച്ച ജയിലുകളിലെ ജയില്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളെജ് ഡോക്റ്റര്‍ നല്‍കിയ റിപ്പോര്‍ട്ട്, പ്രതികളുടെ സാമൂഹ്യ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവ കോടതിക്കു കൈമാറിയിരുന്നു.
റിപ്പോര്‍ട്ടുകളുടെ കോപ്പി ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് പരിശോധിക്കുന്നതിനും, ശിക്ഷാവിധിക്കുമായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.