Timely news thodupuzha

logo

ലഞ്ച് ബെൽ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം: വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവർക്കു മുന്നിൽ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും.

ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്.

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ലിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ.

രണ്ടു മാസത്തിനു ശേഷം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്തഘട്ടത്തിൽ എറണാകുളത്ത് പദ്ധതി നടപ്പാക്കും.

ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക.

ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന ബജറ്റ് ലഞ്ചിന് 60 രൂപയും നോൺവെജ് വിഭവങ്ങൾ ഉൾപ്പെട്ട പ്രീമിയം ലഞ്ചിന് 99 രൂപയുമാണ്. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം രാവിലെ ഏഴുവരെ ഓർഡർ ചെയ്യാം.

10 മണിക്കുള്ളിൽ തയ്യാറാകുന്ന പാഴ്സൽ ഉച്ചയ്ക്ക് 12നു മുമ്പായി ഓർഡർ ചെയ്ത ആൾക്ക് ലഭിക്കും. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടുപോകാൻ ആളെത്തും.

പാത്രങ്ങൾ മൂന്നുഘട്ടമായി ഹൈജീൻ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. സ്ഥിരമായി ഭക്ഷണം വാങ്ങുന്നയാൾക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നൽകും.

ഓഫീസ് പ്രവർത്തന ദിവസങ്ങൾ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഊണിനൊപ്പം ചിക്കൻ, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാനും ആലോചിക്കുന്നുണ്ട്. കൂടാതെ ഉച്ചഭക്ഷണത്തിനൊപ്പം കഷണങ്ങളാക്കിയ പഴങ്ങളും വിതരണം ചെയ്യും.

ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങൾക്കുമുള്ള വിദഗ്ധ പരിശീലനം ഇതിനകം പൂർത്തിയായി.

സെൻട്രൽ കിച്ചണിന്റെ പ്രവർത്തനവും ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങൾ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *