കൊച്ചി: മലയാള സിനിമകളുടെ റിലീസ് തുടരുമെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും ഫിയോക് ചെയർമാൻ ദിലീപ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിയറ്ററുകൾ അടച്ചിട്ട് സമരം നടത്തുന്നില്ലെന്നും പറഞ്ഞു. മലയാള സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യുന്നത് നിർത്തി വയ്ക്കാൻ നേരത്തേ ഫിയോക് തീരുമാനിച്ചിരുന്നു.
ഫിയോക്കിന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം അവർക്കുതന്നെ അറിയില്ലെന്നും ചർച്ചകൾക്കു താൽപ്പര്യമില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും(കെ.എഫ്.പി.എ) ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും(കേരള) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കില്ല. മികച്ച സാങ്കേതിക നിലവാരത്തിൽ ചിത്രീകരിക്കുന്ന സിനിമകൾ കുറഞ്ഞ നിലവാരത്തിലെ പ്രൊജക്ടറുകളുള്ള തിയറ്ററുകൾക്ക് വിർച്വൽ പ്രിന്റ് ഫീ(വി.പി.എഫ്) അടച്ച് പ്രദർശനത്തിനു നൽകില്ലെന്ന് തീരുമാനിച്ചതായും അറിയിച്ചു. സിയാദ് കോക്കർ, ലിസ്‌റ്റിൻ സ്‌റ്റീഫൻ, ബി രാകേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.