കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന് വിമര്‍ശനം. ആർഎസ്എസ് അനുകൂല പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. നെഹ്‌റുവിനെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.
സംഘടനാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കാലത്തെ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്ന് കെ സുധാകരന്‍ കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിശദീകരിച്ചു. ശശി തരൂര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേര്‍ക്കും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ മുരളീധരനും അഭിപ്രായപ്പെട്ടു. തരൂരിന്‍റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്‌നം വഷളാക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി.
ഗവര്‍ണറെ നീക്കാനുള്ള നടപടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്തുണച്ച് തെറ്റിദ്ധാരണയുണ്ടാക്കി. സതീശന്‍റെ നിലപാടില്‍ വ്യക്തതയില്ലായിരുന്നു. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനു നേരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കുര്യന്‍ പുസ്തകപ്രകാശനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് ശരിയായില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ചാന്‍സലര്‍ വിഷയത്തില്‍ ഘടകകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു. അവരുടെ കൂടി മറുപടി കണക്കിലെടുത്താണ് പൊതു നിലപാട് എടുത്തതെന്ന് യോഗത്തില്‍ വി ഡി സതീശന്‍ വിശദീകരിച്ചു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ വ്യക്തത വേണമെന്ന് രാഷ്ട്രീയകാര്യസമിതി നിര്‍ദേശിച്ചു.