ഇടുക്കി: ചിത്രകലാകാരനും നിർദ്ധന കുടുംബാംഗവുമായിരുന്ന അകാലത്തിൽ ജീവൻ പൊലിഞ്ഞ അജി തോമസിൻ്റെ കുടുംബത്തിന് ഭവന നിർമ്മാണത്തിനായാണ് കെ.എസ്.ആർ.റ്റി.സി എംപ്ലോയിസ് അസോസിയേഷൻ സി.ഐ.റ്റി.യു സംസ്ഥാന കമ്മറ്റി കൈത്താങ്ങാവുന്നത്. സംഘടനയുടെ സാന്ത്വനം സ്പർശം പദ്ധതികളുടെ ഭാഗമായി ആനത്തലവട്ടം ആനന്ദൻ സ്മരണാർഥം ഈ വർഷം നിർമ്മിച്ചു നൽകുന്ന രണ്ട് വീടുകളിൽ ഒന്നാണ് അജി തോമസിൻ്റെ കുടുംബത്തിന് നൽകുന്നത്.
പീരുമേട് ടൗണിൽ വച്ച് നടന്ന ശിലാസ്ഥാപന പൊതുസമ്മേളനം എം.എൽ.എ റ്റി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ റ്റി.പി രാമകൃഷ്ണൻ സജി തോമസിൻ്റെ കുടുംബത്തിന് നൽകുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
പീരുമേട് എം.എൽ.എ വാഴൂർ സോമൻ, സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻ്റ് ആർ തിലകൻ, കെ.എസ്.ആർ.റ്റി.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലകൃഷ്ണൻ, സി.പി.ഐ.എം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ, വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം ഉഷ, അസോസിയേഷൻ നേതാക്കളായ ഹരി കൃഷ്ണൻ സി.ആർ, മുരളി ജോജോ, സി.പി.ഐ.എം പീരുമേട് ഏരിയാ കമ്മറ്റിയംഗം വി.എസ് പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. അജി തോമസിൻ്റെ ഭാര്യ ലിൻ്റാ അജി, മക്കളായ അലിൻ, അലീന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.