തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് സ്വീകരിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍, കേരള സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തകരാറിലാക്കുകയും, ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 2022 ഡിസംബർ 23 വെള്ളിയാഴ്ച സംസ്ഥാനത്തെ100 പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ്ണ നടത്തി. തൊടുപുഴയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസിന് മുൻപിലും, അടിമാലിയിൽ, എസ്. ബി. ഐ. അടിമാലി ടൗൺ ശാഖക്ക് മുൻപിലും കട്ടപ്പനയിൽ, എസ്. ബി. ഐ. കട്ടപ്പന എ. ഡി. ബി. ശാഖക്ക് മുൻപിലും ജീവനക്കാർ ധർണ്ണ നടത്തി.

തൊടുപുഴയിൽ സംഘടിപ്പിച്ച ധർണ്ണ, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. പ്രതീഷ് രാജാമണി ഉദ്ഘാടനം ചെയ്തു. നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ. എസ്. അനിൽ കുമാർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. അടിമാലിയിൽ സംഘടിപ്പിച്ച ധർണ്ണ, എസ്. ബി. എസ്. യു. (കെസി) അടിമാലി റീജണൽ സെക്രട്ടറി ശ്രീ. ജോഷി. പി. ജോർജ്ജ്, കട്ടപ്പനയിൽ സംഘടിപ്പിച്ച ധർണ്ണ എസ്. ബി. എസ്. യു. (കെസി) കട്ടപ്പന റീജണൽ സെക്രട്ടറി ശ്രീ. ശ്രീകുമാർ സി. എസ്. എന്നിവർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജീവനക്കാരുടെ കുറവും കമ്പ്യൂട്ടർ സാങ്കേതിക പ്രശ്‌നങ്ങളും കാരണം വീര്‍പ്പുമുട്ടുന്ന ജോലിഭാരവും തിരക്കുമാണ് എല്ലാ എസ്ബിഐ ശാഖകളിലും. എന്നിട്ടും, അവിടെ കടന്നു വരുന്ന മുഴുവന്‍ ഇടപാടുകാരെയും ജനങ്ങളെയും പരിപൂര്‍ണതൃപ്തരാക്കുന്നതിൽ ശ്രദ്ധിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ ആത്മവീര്യം തകർക്കുകയും അവരെ അതീവ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന സമീപനമാണ് ബാങ്ക് മാനേജ്‌മെന്റ് ഇപ്പോൾ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് നേതാക്കൾ ആരോപിച്ചു .
ക്രിസ്മസ്, നവവത്സരം തുടങ്ങിയ ഉത്സവ സമയത്ത് പല സാമ്പത്തിക ആവശ്യങ്ങൾക്കായി എസ്ബിഐ ശാഖകളിലെത്തുന്ന ഇടപാടുകാർക്ക്, പൊടുന്നനെ ആയിരത്തി ഇരുനൂറ്റമ്പത് ജീവനക്കാരെ വെട്ടിക്കുറച്ച നടപടിയെ തുടർന്ന് ഇടപാടുകൾ വേണ്ടെന്നു വെച്ച് നിരാശരായി തിരിച്ചു പോകേണ്ടി വന്നിരിയ്ക്കുകയാണ്.
എസ്ബിഐ അക്കൗണ്ടുകൾ വ്യാപകമായി ക്ലോസ് ചെയ്ത് സ്വകാര്യ ബാങ്കുകളിലേയ്ക്ക് മാറ്റാനുള്ള നീക്കങ്ങളും ചില കുത്സിത ശക്തികൾ ഇതിനിടയിൽ നടത്തുന്നുണ്ട്.

ധാരാളം ജനങ്ങള്‍, അതും ചെറുപ്പക്കാരും കുട്ടികളും അടക്കം എസ്ബിഐ അക്കൗണ്ട് തുടങ്ങാനായി ദിനം തോറും ശാഖകളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു കാത്തിരിക്കുക യാണ്. ഇത് സമയബന്ധിതമായി പൂർത്തീകരിയ്ക്കാനും ഈ കൂട്ട സ്ഥലം മാറ്റം തടസ്സമായിരിക്കുന്നു. പുതുതായി ജോലിയ്ക്ക് ചേർന്നവർ, സ്കോളർഷിപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ പ്രതിസന്ധി യിലൂടെ പ്രശ്നത്തിലാവും.

ഈ വസ്തുത എല്ലാ മാനേജ്മെന്റ് പ്രതിനിധികളെയും ഫലപ്രദമായി അറിയിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ സംഘടന നിര്‍ബന്ധിതരായിരിക്കുന്നത് എന്നും നേതാക്കൾ പറഞ്ഞു .