ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് റെക്കോഡിട്ട ആഷിമോളും ബിബിൻ ജോയിയും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടും മെയ്‌ക്കരുത്തുകൊണ്ടും തോൽപ്പിച്ച് മുന്നേറുകയാണ്.
തിരുവനന്തപുരം ബാലരാമപുരത്തെ ജിംട്രെയ്‌നർ ആസിഫ് അലിയുടെ കീഴിൽ പരിശീലിക്കുന്ന ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ഒരുപോലെ.
സംസ്ഥാന ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല് റെക്കോഡ് നേടിയ ആഷിമോൾ എറണാകുളം പറവൂർ സ്വദേശിയാണ്. സീനിയർ 47 കെജി വിഭാഗത്തിൽ സ്ക്വാട്ട്, ബെഞ്ച്പ്രസ്, ഡെഡ് ലിഫ്റ്റ് ഇനങ്ങളിലും ആകെ ഉയർത്തിയ ഭാരത്തിലുമാണ് റെക്കോഡ്.
മൂന്നിലുമായി 3229.5 കിലോ ഉയർത്തി. 2021-ൽ അമ്മയുടെ മരണശേഷം സുഹൃത്ത് വിഷ്ണുപ്രിയയ്ക്ക് ഒപ്പമായിരുന്നു ആഷിമോളുടെ പഠനവും പരിശീലനവും താമസവും. വിഷ്‌ണുപ്രിയയുടെ മാതാപിതാക്കളായ കെ.എം മുരുകേശനും ലക്ഷ്മിയും ഇപ്പോൾ ആഷിമോളുടെ രക്ഷിതാക്കൾകൂടിയാണ്.
ആരോഗ്യപ്രശ്നങ്ങൾ കാരണം വിഷ്ണുപ്രിയയ്ക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായില്ല. മകൾക്ക് കഴിയാതെ പോയത് ആഷിമോൾ നേടണമെന്ന ആശയിൽ സാമ്പത്തിക സഹായം നൽകുന്നതും മുരുകേശനും ലക്ഷ്മിയുമാണ്.
ഇടുക്കി തൊടുപുഴ സ്വശേദി ബിബിൻ ജോയ് ബോഡി ബിൽഡർകൂടിയാണ്. പവർലിഫ്റ്റിങ്ങിൽ മോഹമുദിച്ചപ്പോൾ തൃശൂർ സെന്റ് തോമസ് കോളേജിലെത്തി.
സഹോദരിയും മരപ്പണിക്കാരനായ അച്ഛനുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക പരാധീനത ബിബിനു മുന്നിൽ വെല്ലുവിളിയായിരുന്നു. പരിശീലകരും കോളേജ് അധികൃതരുമാണ് പല ഘട്ടങ്ങളിലും സഹായിച്ചത്.
രണ്ടു തവണ ഇന്ത്യ സ്ട്രോങ് മെൻ, ഏഴുതവണ കേരള സ്ട്രോങ് മെൻ അവാർഡ് നേടിയ ബിബിൻ സ്‌ക്വോട്ടിൽ 240.5ഉം മൂന്നിനങ്ങളായി ആകെ 640.5 കിലോയും ഉയർത്തിയാണ് പുതിയ ദേശീയ റെക്കോഡിട്ടത്.