കേരനിരകളാടുന്ന ഒരുഹരിത ചാരുതീരത്തിലൂടെ, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴിയിലൂടെ നടന്ന ബീയാർ പ്രസാദ്. 60ഓളം സിനിമകൾക്കു പാട്ടെഴുതി. എഴുതിയതിൽ ഭൂരിഭാഗവും വൻ ഹിറ്റുകൾ. അതായിരുന്നു പ്രസാദിന്റെ വരികളിലെ മാസ്മരികത. അച്ഛൻ ബാലകൃഷ്ണപ്പണിക്കർ ക്ഷേത്രത്തിലെ വാദ്യകലാകാരനായിരുന്നു. സോപാനസംഗീതം പാടും, കളമെഴുത്ത് കലാകാരനുമായിരുന്നു. അതാണ് പാടാനറിയില്ലെങ്കിലും സംഗീതലോകത്തേക്ക് തന്നെ അടുപ്പിച്ചതെന്നു ബീയാർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വായനയും സാഹിത്യവുമായിരുന്നു ലോകം.
അച്ഛൻ കല്യാണം കഴിച്ച ശേഷമാണ് അമ്മയെ മലയാളം വിദ്വാന് പഠിപ്പിക്കാനയച്ചത്. അന്നു പ്രസാദിന് മൂന്നര വയസ്. അമ്മ തന്നെയും കൊണ്ടാണ് പഠിക്കാൻ പോയിരുന്നത്. അത് കേട്ടിരിക്കും. അങ്ങനെ ചെറുപ്രായത്തിൽ തന്നെ മലയാളസാഹിത്യവുമായി അടുപ്പമുണ്ടായി. അന്നുതന്നെ കുമാരനാശാന്റെ വീണപൂവും മറ്റും ചൊല്ലാൻ പഠിച്ചു. അത് പിന്നീട് വായനയെ സ്വാധീനിച്ചു. നിരന്തര വായനയായിരുന്നു കുട്ടിക്കാലം മുതൽ.
പ്രിയദർശന്റെ “കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. “ജലോത്സവം’ എന്ന സിബി മലയിൽ ചിത്രത്തിലെ “കേരനിരകളാടും…’ എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള 10 പാട്ടുകൾ ആകാശവാണി തെരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു.
കുട്ടനാട്ടുകാരന്റെ മനസ് വരികളിലേക്ക് സമർപ്പിച്ചതിന്റെ ഫലമായാണ് “കേരനിരകളാടും ഒരു ഹരിത ചാരു തീരം” എന്ന കേരളത്തനിമ നിറയുന്ന ഗാനം പിറന്നത്. കൈരളിയെ ഒരു സ്ത്രീയോട് ഉപമിച്ചെഴുതിയ വരികളിൽ കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ വാക്കുകളാൽ അയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. “വെട്ടം” സിനിമയിലെ “ഒരു കാതിലോല ഞാൻ കണ്ടീലാ… തിരുതാളി വെച്ചതും കണ്ടീല” എന്ന ഗാനം കുറിച്ചിടുമ്പോഴും ഗ്രാമവും നാട്ടിൻ പുറത്തെ നന്മകളും ആ വരികൾ നിറയുന്നുണ്ട്. “തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ… ഞാൻ ഇതിന്റെ തീരത്തെ വന ഗോപബാലൻ ആകുന്നു’ എന്നു പാടുമ്പോൾ കവിയും ഗായകനും ആസ്വാദകനുമെല്ലാം ആ ഗ്രാമ തീരത്ത് ഒരു ബാലനായി മാറുകയാണ്.
2003ൽ കിളിച്ചുണ്ടൻ മാമ്പഴത്തിലെ 6 ഗാനങ്ങളും രചിച്ചത് ഇദ്ദേഹമായിരുന്നു. മലബാറിന്റെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് ആ നാടിന്റെ ശൈലിയും ശീലുകളും അദ്ദേഹം വരികളിൽ സന്നിവേശിപ്പിച്ചു. മുസ്ലിം ചുറ്റുപാടിലുള്ള കഥയായതു കൊണ്ടു തന്നെ നായികാനായകരുടെ പ്രണയ വഴികളിൽ അവരുടെതായ ഭാഷാപ്രയോഗങ്ങളെ കൃത്യമായി ഇഴ ചേർത്തു. ഒപ്പം “ഒന്നാം കിളി പൊന്നാൺകിളി’ എന്ന ഗാനം പ്രാസ ഭംഗികൊണ്ടും വാക്കുകളുടെ ക്രമീകരണം കൊണ്ടും പ്രേക്ഷക മനസിൽ പെട്ടന്ന് ഇടം നേടി. ചിത്രത്തിലെ തന്നെ “കസവിന്റെ തട്ടമിട്ട് ‘, “വിളക്കു കൊളുത്തിവരും അറബി കഥകളുടെ’ തുടങ്ങിയ വരികളിലൊക്കെ മലബാറിന്റെ സാമൂഹിക ജീവിതവും കടന്നു വന്നു.
യൗവനകാലത്ത് സജീവ നാടക പ്രവര്‍ത്തകനായിരുന്നു. അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്കും നാടക രചനയിലേക്കും എത്തി. പിന്നെ കവിതയും പാട്ടെഴുത്തുമൊക്കെയായി.
കോളെജ് പഠനകാലത്ത് തന്നെ ട്യൂട്ടോറിയല്‍ കോളെജില്‍ മലയാളം അധ്യാപകനുമായി.എഴുത്തും നാടകപ്രവര്‍ത്തനവുമായി നീങ്ങുന്നതിന് ഇടയിലാണ് സിനിമാപ്രവേശം. 1993ല്‍ പുറത്തിറങ്ങിയ ജോണി എന്ന ചിത്രത്തിന്റെ രചന നടത്തിയെങ്കിലും ബീയാര്‍ പ്രസാദ് ഗാനരചയിതാവാകുന്നത് പിന്നെയും 10 വര്‍ഷങ്ങള്‍ക്കു ശേഷം. തിരക്കഥാകൃത്തായി അറിയപ്പെടേണ്ടിയിരുന്ന ബീയാര്‍ പ്രസാദിനെ ഇന്ന് സിനിമ ആസ്വാദകര്‍ക്ക് കൂടുതല്‍ പരിചയം ഗാനരചയിതാവായാണ്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ചയാണ് സിനിമാ ഗാനരചനയിലേക്ക് എത്തിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ ദേവദാസി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ ഒരിക്കല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. കഥ വായിച്ച് നിര്‍മാതാവായ ഗുഡ്നൈറ്റ് മോഹന്‍ വിളിച്ചു. അതിലൂടെ പ്രിയദർശനിലേക്കും പിന്നീട് മലയാള സിനിമയിലേക്കും.
8 പ്രൊഫഷണൽ നാടകങ്ങളടക്കം 40ലേറെ നാടകങ്ങളുടെ രചയിതാവാണ്. നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. സിനിമയുടെ ശാസ്ത്രത്തിനനുസരിച്ച് വാക്കുകളിൽ പ്രണയവും പ്രതീക്ഷയും വിരഹവും ഹാസ്യവും കുറിച്ചിടാൻ കഴിയുന്ന പ്രതിഭാ ശാലിയായിരുന്ന പ്രസാദ്, താരസംഘടന അമ്മ അടുത്തയിടെ ദുബായിൽ അവതരിപ്പിച്ച സ്റ്റേജ് ഷോയിൽ പഞ്ചഭൂതങ്ങളെ ആലേഖനം ചെയ്തവതരിപ്പിച്ച തീം സോങ് എഴുതി.
2 വര്‍ഷം മുൻപ് വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്കു മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. പിന്നീട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടു. കുടുബാംഗങ്ങളുടെ സൗകര്യത്തിനായി പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജിലേക്കു മാറ്റി.
മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥയെഴുതി തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്നു പേരു മാറ്റിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്നാക്കിയത്. പാട്ടെഴുത്തിന്റെ പേരിൽ ആഘോഷിക്കപ്പെടാനോ പ്രശസ്തിയോ പ്രതിഫലം വില പറഞ്ഞുറപ്പിക്കാനോ പ്രസാദ് ആഗ്രഹിച്ചിരുന്നില്ല. കാവ്യലോകത്ത് നിന്നും ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോൾ ബീയാർ പ്രസാദ് സൃഷ്ടിച്ച കാവ്യാനുഭൂതിയും ചേർത്തു വച്ച വരികളും ആസ്വാദക ഹൃദയത്തിൽ ഒളിമങ്ങാതെ നിറഞ്ഞു നിൽക്കും.