കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) കൊച്ചി യൂണിറ്റിന് പുതിയ തലവൻ. കൊച്ചി സോണൽ അഡീഷണൽ ഡയറക്റ്ററായി ദിനേശ് പരുച്ചൂരി ചുമതയേറ്റു. ഹൈദരാബാദ് സോണിൽ അഡീഷണൽ ഡയറക്റ്ററായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം അവസാന ഘട്ടത്തിലാകുമ്പോഴാണ് ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥൻ കൊച്ചി യൂണിറ്റിന്റെ തലപ്പത്തെത്തുന്നത്.
വിവിധ ഇൻകം ടാക്സ്- എൻഫോഴ്സ്മെന്റ് റെയ്ഡുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ദിനേശ് പരുച്ചൂരി മുഖം നോക്കാതെയുള്ള കർശന നടപടികളിലൂടെ ശ്രദ്ധേയനായ ഐആർഎസ് ഉദ്യോഗസ്ഥനാണ്. ഡൽഹി മദ്യനയ അഴിമതിയിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കൽവകുന്തല കവിത എംപിയ്ക്കെതിരെ കുറ്റപത്രം നൽകിയതു പരുച്ചൂരിയാണ്. കേസിൽ ഉൾപ്പെട്ട കമ്പനിയിൽ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടെന്നായിരുന്നു ഇഡി കണ്ടെത്തിയത്. ട്രാൻസ്കോയുടെ ജോയിന്റേ ഡയറക്റ്ററായി അന്ധ്രപ്രദേശിൽ സേവനമനുഷ്ഠിച്ച ശേഷം ആദായനികുതി വകുപ്പിലും പ്രധാന പദവികൾ വഹിച്ചിരുന്നു.
കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ ജോയിന്റ് ഡയറക്റ്റർ ചുമതലയിലുണ്ടായിരുന്ന മനീഷ് ഗോദ്രയെ കേരളത്തിന്റെ കൂടി ചുമതലയോടെ ബംഗളൂരു യൂണിറ്റിലേക്ക് മാറ്റിയിരുന്നു. ഇതോടെ കൊച്ചി യൂണിറ്റിൽ അന്വേഷണ മേൽനോട്ടങ്ങൾക്ക് നേരിട്ട് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇല്ലാതായി. ദിനേശ് പരുച്ചൂരി ചുമതലയേറ്റതോടെ നിലവിലെ അന്വേഷണങ്ങൾക്ക് വേഗത കൈവരുന്നതിനൊപ്പം സ്വർണക്കടത്ത് കേസിൽ കൂടുതൽ തലങ്ങളിലേക്ക് അന്വേഷണം നീളുകയും ചെയ്യും.
സംസ്ഥാന ഭരണത്തിലെയും, ഉദ്യോഗസ്ഥ തലത്തിലെയും ഉന്നതരിലേക്ക് അന്വേഷണം നീങ്ങിയപ്പോൾ ഇഡി ഉദ്യോഗസ്ഥരെ പേരെടുത്ത് വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഈ സ്ഥിതിയിലാണ് ഭീഷണികളെ വകവയ്ക്കാത്ത ദിനേശ് പരുച്ചൂരി ഇഡി കോച്ചി സോൺ നേതൃത്വത്തിലേക്ക് എത്തുന്നത്.