Timely news thodupuzha

logo

സീസണിലെ ആദ്യ ജയം ചെന്നൈയ്ക്ക്

ചെന്നൈ: ഐ.പി.എല്‍ 17ആം സീസണിലെ ആദ്യ മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ആറ് വിക്കറ്റ് ജയത്തോടെ ചെന്നൈ തങ്ങളുടെ വരവ് അറിയിച്ചു.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തല ധോണിയ്ക്ക് പകരക്കാരനായി നായക സ്ഥാനത്ത് ഇറങ്ങിയത് ഋതുരാജ് ഗെയ്ക്‌വാദായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് വഴങ്ങി 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ എട്ടു പന്തുകള്‍ ബാക്കി നിൽക്കെ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ചെന്നൈക്കായി അരങ്ങേറ്റം കുറിച്ച രചിൻ രവീന്ദ്ര 15 പന്തുകളിൽ മൂന്ന് വീതം സിക്സും ഫോറുകളുമടക്കം 35 റൺസെടുത്തപ്പോൾ ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്ന് ലക്ഷ്യം മറികടന്നു.

ശിവം ധുബെ 28 പന്തുകളിൽ 34 റൺസും ജഡേജ 17 പന്തുകളിൽ 25 റൺസും എടുത്ത് പുറത്താകാതെ നിന്നു. ഇവരെ കൂടാതെ അജിങ്ക്യ രഹാനെ(19 പന്തിൽ 27), ഡാരിൽ മിച്ചൽ (18 പന്തിൽ 22), ഋതുരാജ് (15 പന്തിൽ 15) എന്നിവരും ചെന്നൈക്കായി തിളങ്ങി.

തുടക്കത്തില്‍ തകര്‍ന്ന ബംഗളരുവിനെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും മധ്യനിര ബാറ്റര്‍ അനുജ് റാവത്തും ചേര്‍ന്നാണ് കരകയറ്റിയത്.

25 പന്തിൽ നാല് ബൗണ്ടറിയും മൂന്നു പടുകൂറ്റൻ സിക്സുമടക്കം അനുജ് 48 റൺസ് നേടി. 25 പന്തിൽ മന്നു ബൗണ്ടറിയും രണ്ട സിക്സുമടക്കം കാർത്തിക് 38 റൺസും നേടി.

ഓപ്പണര്‍ വിരാട് കോലി 20 പന്തില്‍ 22ഉം ഫാഫ് ഡുപ്ലസി 23 പന്തില്‍ 35 റണ്‍സും നേടി. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്തു. എന്നാല്‍, ഇരുവരും പുറത്തായ ശേഷം വന്ന രജത് പടിദാറും ഗ്ലെന്‍ മാക്‌സ് വെല്ലും റണ്‍ ഒന്നുമെടുക്കാതെ മടങ്ങിയതോടെ അവര്‍ നാലിന് 77 നിലയിലേക്ക് കൂപ്പുകുത്തി.

നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനാണ് ബംഗളരുവിനെ തകര്‍ത്തത്. തുടക്കം മുതല്‍ത്തന്നെ കത്തിക്കയറിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ (23 പന്തില്‍ 35) ആണ് ആദ്യം നഷ്ടമായത്. മുസ്താഫിസുര്‍റഹ്മാന്‍റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് വിക്കറ്റ്.

കൂറ്റനടിക്കുള്ള ശ്രമത്തില്‍ പന്ത് രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഭദ്രമായി. അതേ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോനിക്ക് ക്യാച്ച് നല്‍കി രജത് പാട്ടിദറും (പൂജ്യം) മടങ്ങി. ആറാം ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലും (പൂജ്യം) ധോനിയുടെ കൈകളില്‍ കുരുങ്ങിയതോടെ ബെംഗളൂരു പ്രതിരോധത്തിലായി. ദീപക് ചാഹറാണ് പന്തെറിഞ്ഞത്.

ഈ സമയങ്ങളിലൊക്കെ ഒരു വശത്ത് കരുതലോടെ നിലയുറപ്പിച്ച വിരാട് കോലിയാണ് നാലാമത് മടങ്ങിയത്. 12-ാം ഓവറില്‍ മടങ്ങുമ്പോള്‍ 20 പന്തില്‍ 21 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം. സീസണിലെ ആദ്യ സിക്സ് കോലിയുടെ വകയായി. മുസ്താഫുസുറിന്‍റെ പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ചായാണ് മടക്കം.

അതേ ഓവറിലെ ഒന്നിടവിട്ട പന്തില്‍ കാമറൂണ്‍ ഗ്രീനും മടങ്ങി (22 പന്തില്‍ 18).മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ റോളിലാണ് ധോനിയുടെ സാന്നിധ്യം. ഐ.പി.എല്ലിന്‍റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ പത്തുതവണ ഫൈനലിലെത്തുകയും അഞ്ചു തവണ ചാമ്പ്യന്മാരാകുകയും ചെയ്ത ടീമാണ് ചെന്നൈ. ബെംഗളൂരുവിന് ഇതുവരെ ഐ.പി.എല്‍. കിരീടം നേടാനായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *