Timely news thodupuzha

logo

ഇന്ത്യ അഫ്ഗാനോട് തോറ്റു

ഗുവാഹത്തി: സുനിൽ ഛേത്രിയുടെ പെനൽറ്റിയിൽ മുന്നിലെത്തിയിട്ടും ഇന്ത്യ തോറ്റു. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട്‌ 1-2ന്‌ വീണു.

150ആം രാജ്യാന്തര മത്സരത്തിനിറങ്ങിയ ക്യാപ്‌റ്റൻ ഛേത്രി ഇടവേളയ്‌ക്കു മുമ്പ്‌ ഇന്ത്യക്ക്‌ ലീഡ്‌ നൽകിയിരുന്നു. എന്നാൽ, ഇടവേളയ്‌ക്കു ശേഷം വരുത്തിയ പിഴവിൽ തോൽവി സമ്മതിക്കേണ്ടിവന്നു.

ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തിൽ 23,000 കാണികൾക്ക്‌ മുന്നിലായിരുന്നു കീഴടങ്ങൽ. ഛേത്രിയുടെ ഗോളൊഴിച്ച്‌ മറ്റൊന്നും ഇന്ത്യക്ക്‌ ഓർക്കാനുണ്ടായിരുന്നില്ല.

റഹ്‌മത്ത്‌ അക്‌ബാരിയും ഷരീഫ്‌ മുഹമ്മദുമാണ്‌ അഫ്‌ഗാനായി ലക്ഷ്യം കണ്ടത്‌. കളിതീരാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേയായിരുന്നു വിജയഗോൾ.

ലോക കപ്പ്‌ യോഗ്യതയുടെ മൂന്നാം റൗണ്ടിൽ കടക്കാമെന്ന ഇന്ത്യയുടെ സാധ്യതകൾ തുലാസിലായി. നാല്‌ കളിയിൽ നാല്‌ പോയിന്റുമായി രണ്ടാം സ്ഥാനത്ത്‌ തുടർന്നെങ്കിലും അടുത്ത മത്സരങ്ങളിൽ കരുത്തരായ ഖത്തറിനെയും കുവൈത്തിനെയും നേരിടാനുണ്ട്‌.

ഖത്തറാണ്‌(9) ഒന്നാമത്‌. ജയത്തോടെ അഫ്‌ഗാൻ(4) മൂന്നാമതെത്തി. കുവൈത്ത്‌(3) അവസാന സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ഫിഫ റാങ്കിങ്ങിൽ 158ആമതാണ്‌ അഫ്‌ഗാൻ. ഇന്ത്യയാകട്ടെ 117.

41 സ്ഥാനം പിറകിലുള്ള അഫ്‌ഗാനെതിരെ ഒരിക്കൽപ്പോലും ആധിപത്യം പുലർത്താൻ ഇന്ത്യക്കായില്ല. പതിവുപോലെ മുന്നേറ്റത്തിന്‌ ലക്ഷ്യ ബോധമുണ്ടായിരുന്നില്ല. മധ്യനിരയ്‌ക്കും താളം നഷ്ടമായി. പ്രതിരോധം പലപ്പോഴും വിറച്ചു.

ഇടവേളയ്‌ക്കു മുമ്പ്‌ അഫ്‌ഗാൻ ക്യാപ്‌റ്റൻ ഹാറൂൺ അമിരി ബോക്‌സിൽ പന്ത്‌ കൈ കൊണ്ട്‌ തൊട്ടതിന്‌ കിട്ടിയ പെനൽറ്റിയിലാണ്‌ ഛേത്രി ലീഡ്‌ സമ്മാനിച്ചത്‌. എന്നാൽ, രണ്ടാം പകുതിയിൽ ഇന്ത്യ ചിത്രത്തിലില്ലാതെ പോയി.

എതിരാളിയുടെ മിന്നലാക്രമണങ്ങളിൽ വിറച്ചു. 70ആം മിനിറ്റിൽ റഹ്‌മത്‌ അക്‌ബാരി സമനില നേടി. ഇന്ത്യൻ പ്രതിരോധം നോക്കി നിൽക്കെയാണ്‌ ഗോൾ നേടിയത്‌.

രാഹുൽ ബെക്കെയുടെ കാലിനിടയിലൂടെ പന്ത്‌ വലയിലേക്ക്‌ കടന്നു. കളി തീരാൻ രണ്ട്‌ മിനിറ്റ്‌ ബാക്കി നിൽക്കെയാണ്‌ വിജയ ഗോളെത്തിയത്‌. സിയാർ സാദത്തിനെ ഗോളി ഗുർപ്രീത്‌ സിങ്ങ്‌ സന്ധു വീഴ്‌ത്തിയതിന്‌ പെനൽറ്റി.

കിക്കെടുത്ത ഗോകുലം കേരള മുൻതാരം ഷരീഫിന്‌ പിഴച്ചില്ല. അഫ്‌ഗാൻ ആഘോഷിച്ചു. തോൽവി ഇന്ത്യൻ പരിശീലകൻ ഇഗർ സ്റ്റിമച്ചിന്റെ സ്ഥാനം അപകടത്തിലാക്കുന്നതാണ്‌.

ഈ ക്രൊയേഷ്യക്കാരന്‌ കീഴിൽ സമീപകാലത്ത്‌ മോശം പ്രകടനമാണ്‌ ടീം നടത്തുന്നത്‌. ഏഷ്യൻ കപ്പിൽ മൂന്ന് കളിയും തോറ്റ് ഗ്രൂപ്പ്ഘട്ടം കടക്കാനായില്ല.

എന്നാൽ പ്രതീക്ഷയറ്റില്ലെന്നും ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിൽ എത്താനാകുമെന്നാണ് കരുതുന്നതെന്നും അഫ്ഗാനെതിരെ തോൽവിക്കുശേഷം സ്റ്റിമച്ച് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *